ഉദുമ: പരീക്ഷണ പൂക്കൃഷി വിജയംകണ്ടതോടെ ചെണ്ടുമല്ലിയിൽ വിജയംകൊയ്യാമെന്ന ആത്മവിശ്വാസത്തിലാണ് ഉദുമയിലെ ഈ അഞ്ചുവനിതാ സുഹൃത്തുക്കൾ. ഉദുമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽപ്പെട്ട അഞ്ച്‌ കൂട്ടുകാരികൾ സമയംചെലവിടാൻ തുടങ്ങിയ പുഷ്പക്കൃഷി വിജയംകണ്ടതോടെയാണ് ഇരട്ടി ആത്മവിശ്വാസത്തോടെ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്.

വിജയലക്ഷ്മി, ഉഷ സതീശൻ, സീമ, അശ്വതി, ശർമിള എന്നിവരാണ് പൂക്കൃഷിക്കിറിങ്ങിയ കൂട്ടുകാർ. ഓണവിപണി ലക്ഷ്യമിട്ടായിരുന്നു അഞ്ചംഗ സംഘം പൂക്കൃഷി തുടങ്ങിയത്. പരീക്ഷണമെന്നനിലയിൽ ഉദുമ പടിഞ്ഞാർ കൊപ്പൽ തറവാട്ടിലെ അഞ്ചുസെന്റ് സ്ഥലത്ത് 500 ബെന്തി (മെക്സിക്കൻ മാരി ഗോൾഡ്) ചെടികൾ നട്ടു. കനത്ത മഴയെ തുടർന്ന് നൂറിലധികം ചെടികൾ നശിച്ചു. തോൽക്കാൻ മനസ്സില്ലാത്ത ഈ കൂട്ടുകാർ ഒരു ചുവട്ടിൽ രണ്ടുവീതം തൈകൾ നട്ടു. ചാണകം വളമായി നല്കി. ഇപ്പോൾ കൃഷി വിജയംകണ്ടു. കിലോയ്ക്ക് നൂറിലധികം രൂപ നല്കി പൂക്കൾ വാങ്ങാൻ ആവശ്യക്കാരെത്തുന്നു.

ചെണ്ടുമല്ലി ആയതിനാൽ വില കൂടുന്ന സമയംനോക്കി വിളവെടുക്കാമെന്ന മെച്ചവുമുണ്ട്. കൂടുതൽ സ്ഥലത്തേക്ക് പൂക്കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ സംഘം. സി.പി.സി.ആർ.ഐ.യിൽനിന്ന് ഇവർക്ക് സൗജന്യമായി തൈകൾ കിട്ടി. അവിടുത്തെ ശാസ്ത്രജ്ഞൻ മണികണ്ഠൻ ഇവർക്ക് മുന്നോട്ടുപോകാനുള്ള ഉപദേശങ്ങൾ നല്കി സഹായിച്ചു. ജൈവ വളമാണ് ഉപയോഗിച്ചത്. കുടുംബശ്രീയിലൂടെ സംഘകൃഷിയായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം. ആദ്യ വിളവെടുപ്പ് ഉദുമ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദാലി നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ.വി.അപ്പു, പ്രീന മധു, കെ.ജി.മാധവൻ എന്നിവർ സംസാരിച്ചു.