ഉദുമ: സി.പി.എം. ഉദുമ ഏരിയാ കമ്മിറ്റി ബേക്കൽ പുഴ മുക്കുണ്ട് പാലംമുതൽ പടയങ്ങാനംവരെ ശുചീകരിച്ചു. അൻപതോളം പ്രവർത്തകരാണ് പുഴ വൃത്തിയാക്കുന്നതിൽ പങ്കെടുത്തത്. ഏരിയാ സെക്രട്ടറി കെ.മണികണ്ഠൻ ഉദ്ഘാടനംചെയ്തു. വി.വി.സുകുമാരൻ, വി.ആർ.ഗംഗാധരൻ, എം.എച്ച്.ഹാരീസ്, ബാലൻ കുതിരക്കോട്, പി.ലക്ഷ്മി, ഉഷ അരവത്ത് എന്നിവർ സംസാരിച്ചു.

മണലൂറ്റൽ വ്യാപകമായ ഉപ്പള പുഴ ശൂചീകരിച്ച് മഞ്ചേശ്വരം ഏരിയാ കമ്മിറ്റി

മഞ്ചേശ്വരം: അനധികൃത മണലൂറ്റലും മാലിന്യ കൂമ്പാരവും കാരണം പുഴ നാശത്തിന്റെവക്കിലായ ഉപ്പള പുഴയാണ് മഞ്ചേശ്വരം ഏരിയാ കമ്മിറ്റി വൃത്തിയാക്കിയത്. പുഴയുടെ ഭാഗമായ പൈവളിഗെ പഞ്ചായത്തിലെ കളായി പാലംമുതൽ ജോഡ്കല്ലുവരെയുള്ള ഭാഗമാണ് ശുചീകരിച്ചത്. വേനൽക്കാല ആരംഭത്തോടെ വറ്റിവരണ്ട പുഴയിൽ മാലിന്യം പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി വലിച്ചെറിഞ്ഞനിലയിലായിരുന്നു. പുഴയുടെ ഇരുകരകളിലും താമസിക്കുന്ന പരമ്പരാഗത കർഷകരുൾപ്പെടെയുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രധാന ആശ്രയമാണ് ഈ പുഴ. കൂടാതെ വിവിധ പഞ്ചായത്തുകളുടെ കുടിവെള്ളസ്രോതസ്സായ ജലനിധിയും പലയിടങ്ങളിലായി ഉപ്പള പുഴയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, പുഴസംരക്ഷണത്തിന് അധികൃതർ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന പരാതി നാട്ടുകാർക്കിടയിലുണ്ട്. വിവിധ സംഘങ്ങളായിത്തിരിഞ്ഞാണ് സി.പി.എം. പ്രവർത്തകർ മാലിന്യം നീക്കംചെയ്തത്. കളായിമുതൽ ജോഡ്കല്ലുവരെ നാലുകിലോമീറ്റർ പുഴ ശുചീകരിച്ചു. ബാക്കിഭാഗം തുടർദിവസങ്ങളിൽ ശുചീകരീക്കുമെന്ന് മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അറിയിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ആർ.ജയാനന്ദ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി അബ്ദുൾറസാഖ്, ബേബി ഷെട്ടി, ചന്ദ്രഹാസ ഷെട്ടി, കെ.കമലാക്ഷ, സദാനന്ദ കോരിക്കാർ, രവീന്ദ്ര ഷെട്ടി, സാദിഖ് ചെറുഗോളി തുടങ്ങിയവർ സംബന്ധിച്ചു.

മധുവാഹിനി പുഴയ്ക്ക് പുനർജന്മം നൽകി കാസർകോട് ഏരിയാ കമ്മിറ്റി

കാസർകോട്: സി.പി.എം. കാസർകോട് ഏരിയാ കമ്മിറ്റി മധുവാഹിനി പുഴ ശുചീകരിച്ചു. എടനീർ, മധൂർ, ആലംപാടി, എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം. ആലംപാടി പാലംപരിസരത്ത് സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനംചെയ്തു. കെ.ഭാസ്കരൻ അധ്യക്ഷനായിരുന്നു. കെ.ജെ.ജിമ്മി, എം.സുമതി, പി.വി.കുഞ്ഞമ്പു, കെ.രവീന്ദ്രൻ, പി.ശിവപ്രസാദ്, അനിൽ ചെന്നിക്കര, അബ്ദുൽറഹ്‌മാൻ ധന്യവാദ് എന്നിവർ സംസാരിച്ചു. മധൂരിൽ ജില്ലാ കമ്മിറ്റിയംഗം ടി.കെ.രാജൻ ഉദ്ഘാടനംചെയ്തു. കെ.ഭുജംഗ ഷെട്ടി അധ്യക്ഷനായിരുന്നു. എടനീരിൽ എരിയാ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ ഉദ്ഘാടനംചെയ്തു. പൈക്കം ഭാസ്കരൻ അധ്യക്ഷനായിരുന്നു.