രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിൽ ഓട്ടോറിക്ഷയ്ക്കുമേൽ മരം കടപുഴകിവീണു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് തെക്കേപ്പുറത്തെ അബ്ദുള്ളയ്ക്കാണ് തലനാരിഴ വ്യത്യാസത്തിൽ ജീവൻ തിരിച്ചുകിട്ടിയത്.

ഓട്ടോറിക്ഷയ്ക്ക് കേടുപാടുകൾ പറ്റി. സംസ്ഥാനപാതയിൽ നവീകരണം നടക്കുന്ന ചുള്ളിക്കര കൂട്ടക്കളം വളവിലാണ് ശനിയാഴ്ച രാവിലെ 10.30-ഓടെ ഓടുന്ന ഓട്ടോറിക്ഷയ്ക്കുമുകളിലേക്ക് മരം കടപുഴകിവീണത്.

മരം വീഴുന്നതുകണ്ട് ഓട്ടോറിക്ഷ വെട്ടിച്ചുമാറ്റിയതിനാൽ ഡ്രൈവർ അപകടത്തിൽപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മരത്തിനൊപ്പം വൈദ്യുതത്തൂണുകളും നിലംപൊത്തുകയും ലൈനുകൾ പൊട്ടിവീഴുകയും ചെയ്തതോടെ പുറത്തിറങ്ങാനാവാതെ ഡ്രൈവർ ഓട്ടോറിക്ഷയിൽ കുടുങ്ങി.

പിന്നീട് ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചശേഷമാണ് ഡ്രൈവറെ പുറത്തിറക്കിയത്. കാഞ്ഞങ്ങാട്ടുനിന്ന്‌ മാലക്കല്ലിൽ പോയി തിരിച്ചുവരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.

കൂറ്റൻ മരം കടപുഴകിവീണതോടെ ഇതുവഴിയുള്ള വാഹനഗതാഗതം രണ്ടുമണിക്കൂറോളം തടസ്സപ്പെട്ടു. ബസ്സുകളടക്കമുള്ള വാഹനങ്ങളെ ചുള്ളിക്കരയിൽനിന്ന്‌ അയറോട്ടുവഴി തിരിച്ചുവിട്ടു.

എച്ച്.ടി., എൽ.ടി. ലൈനുകൾ പൊട്ടുകയും മൂന്ന് വൈദ്യുതത്തൂണുകൾ തകരുകയും ചെയ്തതോടെ രാജപുരം വൈദ്യുതി സെക്‌ഷനിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.

അപകട വിവരമറിഞ്ഞ് കുറ്റിക്കോലിൽനിന്ന്‌ അഗ്നിരക്ഷാസേനയും രാജപുരം പോലീസും സ്ഥലത്തെത്തി. തുടർന്ന് വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.