പെരിയ: എടുത്തുപറയത്തക്ക ജോലിയോ കൂട്ടിവെച്ച സമ്പാദ്യമോ ഇല്ല ഈ യുവാവിന്, എന്നിട്ടും 14 രാജ്യങ്ങളും ഇന്ത്യയിലെ ഭൂരിഭാഗം സ്ഥലങ്ങളും ചുറ്റിവന്ന കബീർ അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. 36 വയസ്സിനുള്ളിൽ കബീർ കണ്ട രാജ്യങ്ങളുടെ പട്ടികയിൽ തായ്‌ലൻഡ്‌, കംബോഡിയ, വിയറ്റ്നാം, ലാവോസ്, ഇൻഡൊനീഷ്യ, സിങ്കപ്പൂർ, മ്യാൻമാർ, മലേഷ്യ, നേപ്പാൾ തുടങ്ങിയവ ഉൾപ്പെടും.

പത്താംതരം പഠനത്തിനുശേഷം പിതാവിന്റെ കോഴിക്കടയിൽ ഇറച്ചിവെട്ടിന് സഹായിയായി നിന്നതാണ്‌ പെരിയ ബസാറിലെ അബ്ദുള്ളയുടെയും ബീവിയുടെയും എട്ടുമക്കളിൽ രണ്ടാമനായ കബീർ.

പിന്നീട് തിരുവനന്തപുരത്തും എറണാകുളത്തുമെല്ലാം വലിയ മാർക്കറ്റുകളിലെ ഇറച്ചിവെട്ട്‌ തൊഴിലാളിയായി. ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ഡൽഹിയിലേക്കായിരുന്നു ആദ്യ ദൂരയാത്ര. താജ്മഹൽ കാണാനുള്ള കൊതിയായിരുന്നു പ്രേരണ. പിന്നീട് ഓരോമാസം ഇടവിട്ട് ഓരോ സംസ്ഥാനത്തേക്കായി യാത്ര. ശമ്പളത്തിന്റെ ഭൂരിഭാഗവും യാത്രയ്ക്കായി മാറ്റിവെച്ചു. അയൽ രാജ്യങ്ങളിലേക്കായി പിന്നീടുള്ള യാത്രകൾ.

മലയാളം മാത്രമറിയാവുന്ന തനിക്ക് ഒരിടത്തും ഭാഷ തടസ്സമായിരുന്നില്ലെന്ന് കബീർ പറയുന്നു. അതത് നാട്ടിലെ രുചികൾ അറിയാൻ ശ്രമിക്കും. ലോകത്ത് എവിടെയും കശ്മീരോളം സുന്ദരമായ മറ്റൊരു സ്ഥലമില്ലെന്ന അഭിപ്രായമാണ് കബീറിനുള്ളത്. 10 തവണ കബീർ കശ്മീരിലെത്തിയിട്ടുണ്ട്.

കോവിഡിന്റെ ഒന്നാംഘട്ടത്തിലെ ഒരുവർഷം മാത്രമാണ് യാത്രകൾ മുടക്കിയിട്ടുള്ളത്. ഈ വർഷം ഹിമാലയൻ ക്ഷേത്രങ്ങളിലേക്കുള്ള യാത്രയെക്കൂടാതെ ഹർക്കിഡൂൺ, ചന്ദ്രതാൽ, ബ്രഹ്മതാൽ, കേദാർകന്ധ തുടങ്ങിയ ഇടങ്ങളിലേക്ക് ട്രക്കിങ്ങുകളും നടത്തിയിട്ടുണ്ട്.

കോവിഡ് കാലമായതിനാൽ വലിയ മാർക്കറ്റുകൾ അടച്ചതിനാൽ പെരിയ ബസാറിൽ സഹോദരൻ സിറാജിെന്റ കോഴിക്കടയിൽ സഹായിയാണിപ്പോൾ കബീർ. രാജ്യത്തിനകത്തെ യാത്രകളിൽ ഭാര്യ ഖദീജത്ത് കുബ്റയെയും ചിലപ്പോൾ കൂടെ കൊണ്ടുപോകാറുണ്ട്. രാജസ്ഥാനിലെ ഉൾഗ്രാമങ്ങളിലെ ജീവിതം കണ്ടറിയാനുള്ള യാത്രാ ഒരുക്കത്തിലാണ് സന്തോഷ്‌ ജോർജ്‌ കുളങ്ങരയുടെ ആരാധകൻ കൂടിയായ ഈ യുവാവ്‌.