kasaragod
ഇഷ കിഷോര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി

കാഞ്ഞങ്ങാട്: ട്രാൻസ്‌ജെൻഡർ എന്നെഴുതിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടുചെയ്യണമെന്ന വലിയ ആഗ്രഹം സാധ്യമായതിന്റെ സന്തോഷത്തിലാണ് കാഞ്ഞങ്ങാട്ടെ ഇഷ കിഷോർ. ഇതിനുമുൻപ്‌ ഒട്ടേറെ തവണ വോട്ട്‌ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വോട്ടർപട്ടികയിൽ ഇതുവരെ ട്രാൻസ്‌ജെൻഡർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ 13,24,387 വോട്ടർമാരിൽ ഇഷ ഉൾപ്പെടെ രണ്ടുപേർ മാത്രമാണ് ട്രാൻസ്‌ജെൻഡർമാരായി വോട്ടർപട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ ദുർഗ ഹയർസെക്കൻഡറി സ്കൂളാണ് ഇഷയുടെ പോളിങ് സ്റ്റേഷൻ. 136-ാം നമ്പർ ബൂത്തിലാണ് വോട്ട്‌ രേഖപ്പെടുത്തേണ്ടത്. ഡി.വൈ.എഫ്.ഐ. ഹൊസ്ദുർഗ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയാണ് ഇഷ കിഷോർ. ട്രാൻസ്ജെൻഡേഴ്‌സ് സംഘടനയായ ‘ക്ഷേമ’യുടെ ജില്ലാ പ്രസിഡന്റാണ്. ദുർഗാ ഹയർസെക്കൻഡറി സ്കൂളിനടുത്തെ പരേതനായ പദ്മനാഭനാണ് അച്ഛൻ. അമ്മ: രാജീവി.

Content Highlights; Transgender isha kishore, 2019 lok sabha election