കാസർകോട്: നഗരത്തിലെ തിരക്കേറിയ കെ.പി.ആർ.റാവു റോഡിൽ ഹർത്താൽ പ്രതീതിയാണ് ഇപ്പോൾ. പല വ്യാപരസ്ഥാപനങ്ങളും തുറന്നിട്ടില്ല. തുറന്ന കടകളിലോ കച്ചവടക്കാർ വെറുതെ ഇരിക്കുന്നു. മെക്കാഡം ടാറിങ്ങിനായി ജനുവരി ആറിന് ഗതാഗതം നിരോധിച്ചതുമുതൽ ഇതാണ് അവസ്ഥ. ആരും വരാനില്ലാതെ വെറുതെ പൊടിതിന്നിരിക്കുകയാണ് ഇവിടുത്തെ വ്യാപാരികൾ.

പത്തുദിവസത്തേക്കാണ് ഈ റോഡ് മെക്കാഡം പണികൾക്കായി അടച്ചത്. ഹെഡ്‌ പോസ്റ്റ് ഓഫീസ് മുതൽ കെ.എസ്.ആർ.ടി.സി. ജങ്‌ഷൻവരെയുള്ള 750 മീറ്റർ റോഡാണ് മെക്കാഡം ചെയ്യുന്നത്. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും അധികൃതർ റോഡുപണി പൂർത്തിയാക്കാൻ തയ്യാറായിട്ടില്ല. “ദിവസവും അൻപതിനായിരം രൂപയ്ക്കുമുകളിൽ കച്ചവടംനടത്തിയിരുന്ന സ്ഥാപനമായിരുന്നു എന്റെ കട. ഇന്നിതാ ആയിരം രൂപ തികച്ചെടുക്കാനായിട്ടില്ല. ഇങ്ങനെപോയാൽ എങ്ങനെ ഞാൻ വാടക കൊടുക്കും? എങ്ങനെ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കും? 48 വർഷമായി ഇവിടെ കച്ചവടം തുടങ്ങിയിട്ട്. ആദ്യമായാണ് ഇത്തരം ഒരു അനുഭവം’’ -കെ.പി.ആർ.റാവു റോഡിലെ ഒരു ഇലക്‌ട്രോണിക്സ് വ്യാപാരി പറയുന്നു.

പല ഹോട്ടലുകളിലും ഭക്ഷണംകഴിക്കാൻ ആളില്ലാത്തതിനാൽ ആഹാരസാധനങ്ങൾ വെറുതെ കളയേണ്ട അവസ്ഥയും വന്നിട്ടുണ്ട്. പൊടിശല്യംകാരണം വ്യാപാരസ്ഥാപനങ്ങൾക്കുമുമ്പിൽ വിൽപ്പനയ്ക്കുവെച്ചിരിക്കുന്ന ചെരിപ്പുകൾ, ബാഗുകൾ, വസ്ത്രങ്ങൾ തുടങ്ങിയ വസ്തുക്കളുടെ പുതുമ നഷ്ടപ്പെട്ട് വിൽക്കാനാവാത്ത നിലയിലേക്കെത്തിയെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.

യാത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞതിനാൽ ലോട്ടറിക്കച്ചവടവും മന്ദഗതിയിലായെന്ന് ലോട്ടറിവ്യാപാരികൾ പറയുന്നു. വാങ്ങാനാളില്ലാത്തതിനാൽ ദിവസവും അറുപതിനുമുകളിൽ ലോട്ടറി ടിക്കറ്റുകൾ വെറുതെപോവുകയാണ്. റോഡില്ലാതെ എങ്ങനെയാണ് ആളുകൾ വരിക -സമീപത്തെ ഒരു ലോട്ടറിവ്യാപാരി പറയുന്നു.

കാസർകോട് നഗരത്തിൽ ഏറ്റവുംകൂടുതൽ വാഹനങ്ങൾ കടന്നുപോകുന്ന വൺവേയാണ് കെ.പി.ആർ.റാവു റോഡ്. ചന്ദ്രഗിരിപ്പാലം അടച്ചതിനാൽ കെ.എസ്.ആർ.ടി.സി. ബസ്സുകൾ ഇപ്പോൾ സർവീസ് നടത്തുന്നില്ല. എന്നിട്ടുപോലും സമീപത്തെ ബാങ്ക് റോഡിൽ ഗതാഗതകുരുക്ക് രൂക്ഷമാണ്. അതേസമയം ചന്ദ്രഗിരി റൂട്ടിൽ ബസ് ഓടാൻതുടങ്ങിയാൽ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാകുമെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു.

കെ.പി.ആർ.റാവു റോഡിലെ ടാറിങ് ബുധനാഴ്ച വൈകുന്നേരത്തോടെ പൂർത്തിയാക്കാനാവുമെന്ന് കരാറെടുത്ത ഇ.അബൂബക്കർ ഹാജി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ പണി തുടങ്ങിയിരുന്നതാണെങ്കിലും ഒരുസംഘം ആളുകൾ പണി തടസ്സപ്പെടുത്തിയെന്നും അതിനാലാണ്‌ പ്രാരംഭപണികൾ വൈകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടഞ്ഞുപോയ ഓടകൾ എന്തുകൊണ്ട് നന്നാക്കിക്കൂടാ....

കാസർകോട്: കെ.പി.ആർ.റാവു റോഡിൽ നിരന്തരമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്ന പ്രശ്നമാണ് മഴക്കാലത്ത് മലിനജലം റോഡിലേക്ക് ഒഴുകുന്നത്. തുറന്ന് വൃത്തിയാക്കാത്ത രണ്ട് ഓടകളാണ് ഇതിനുപിന്നിലെ പ്രധാന കാരണം. കെ.പി.ആർ.റാവു റോഡിനടിയിലുള്ള ഈ ഓടകൾ വർഷങ്ങളായി തുറന്ന് വൃത്തിയാക്കിയിട്ടില്ല. മെക്കാഡം ടാറിങ്ങിനായി റോഡ് പൊളിച്ചപ്പോൾ എന്തുകൊണ്ട് ഈ ഓടകൾകൂടി വൃത്തിയാക്കിക്കൂടാ എന്നാണ് സമീപത്തെ വ്യാപാരികളുടെയും നാട്ടുകാരുടെയും ചോദ്യം.

content highlights; traffic banned for mechadam tarring, merchants in crisis