പൊയിനാച്ചി : മോഷ്ടാവ് തുരപ്പൻ സന്തോഷ് (36) പയ്യന്നൂർ പോലീസിന്റെ പിടിയിലായതോടെ, വിരമിക്കുന്ന എസ്.ഐ.ക്ക് നൽകിയ വാക്കുപാലിച്ച ചാരിതാർഥ്യത്തിലാണ് സഹപ്രവർത്തകർ. ജനുവരി 15-ന്‌ രാത്രി കോളിയടുക്കത്തെ എം.എം.നിസാർ, ചെർക്കളയിലെ മുഹമ്മദ് കുഞ്ഞി എന്നിവരുടെ ഉടമസ്ഥതയിലുള്ള പൊയിനാച്ചിയിലെ മലഞ്ചരക്ക് കടയിൽ നടന്ന കവർച്ചയിൽ പങ്കെടുത്ത മട്ടന്നൂർ മണ്ണൂരിലെ കെ.വിജേഷ്, പാലാവയലിലെ ജസ്റ്റിൻ എന്നിവരെ പയ്യന്നൂർ പോലീസ് അറസ്റ്റുചെയ്തതോടെയാണ് പദ്ധതി ആസൂത്രണം ചെയ്തത് തുരപ്പൻ സന്തോഷാണെന്ന് വ്യക്തമായത്.

ദേശീയപാതയുടെ അരികിലുള്ള കടയുടെ ഷട്ടർ തുരന്ന് അകത്തു കയറിയായിരുന്നു 14 ചാക്ക് കുരുമുളക് കടത്തിയത്. മറ്റൊരു കേസിൽ ഇവർ പിടിക്കപ്പെട്ടപ്പോഴാണ് മേൽപ്പറമ്പ് പോലീസ് രജിസ്റ്റർചെയ്ത കവർച്ചക്കേസിന്റെ ചുരുളഴിഞ്ഞത്. കേസന്വേഷണ ഭാഗമായി പയ്യന്നൂർ പോലീസ് ചട്ടഞ്ചാലിലെ മേൽപ്പറമ്പ് സ്റ്റേഷനിലെത്തിയപ്പോഴാണ് അന്നത്തെ എസ്.ഐ. എം.പി.പദ്മനാഭൻ താൻ വിരമിക്കുംമുൻപ് മുഖ്യപ്രതി തുരപ്പൻ സന്തോഷിനെ പിടികൂടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഒൻപത് മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടും പ്രതിയെ പിടികൂടാൻ പറ്റാത്ത കാര്യം ആയിടെ സ്റ്റേഷൻ സന്ദർശിച്ച ഡിവൈ.എസ്.പി. കുറിച്ചിരുന്നു. ഈ സമ്മർദത്തിനിടയിലായിരുന്നു പദ്മനാഭൻ വികാരനിർഭരമായി ആഗ്രഹം സഹപ്രവർത്തകരുമായി പങ്കുവെച്ചത്.

ജനുവരി 30-നാണ് പയ്യന്നൂർ പോലീസ് വിജേഷിനെയും ജസ്റ്റിനെയും അറസ്റ്റു ചെയ്തത്. കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി ഇവരെ പൊയിനാച്ചിയിലെ മലഞ്ചരക്ക് കടയിൽ തെളിവെടുപ്പിന് എത്തിച്ചത് പദ്മനാഭനായിരുന്നു. ഇതിനിടെ പൊയിനാച്ചിയിൽ വെച്ച് ഭണ്ഡാരമോഷണം പതിവാക്കിയ ബളാൽ സ്വദേശിയെയും പദ്മനാഭൻ അറസ്റ്റുചെയ്യുകയുണ്ടായി. ഇതിനിടെ മേൽപ്പറമ്പ് സ്റ്റേഷനിൽനിന്ന് പദ്മനാഭൻ തളങ്കര തീരദേശ പോലീസ് സ്റ്റേഷനിലേക്ക് മാറുകയും ചെയ്തു.

പരവനടുക്കത്ത് കുളിക്കുന്നതിനിടയിൽ കുളത്തിൽ മുങ്ങിയ രണ്ടുകുട്ടികളെ രക്ഷപ്പെടുത്തിയ പോലീസ് സംഘത്തിൽ ഉൾപ്പെട്ട പദ്മനാഭന് മേൽപ്പറമ്പിൽ ജോലിചെയ്യുമ്പോൾ പ്രശംസ ലഭിച്ചിരുന്നു. ഏപ്രിൽ 30-നാണ് ഇദ്ദേഹം സർവീസിൽനിന്ന് വിരമിക്കുന്നത്. തുരപ്പനെ മേൽപ്പറമ്പ് പോലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിക്കും. കവർച്ചചെയ്ത കുരുമുളക് കണ്ണൂർ ചാലയിൽ വിറ്റിരുന്നതായി പോലീസിന് സൂചന കിട്ടിയിട്ടുണ്ട്.