Accusedമഞ്ചേശ്വരം: കൊലക്കേസിലും കവർച്ചക്കേസിലും പ്രതികളായ രണ്ടുപേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റുചെയ്തു. കർണാടക ജെപ്പുനനഗറിലെ ഇസ്മായിൽ (36), ഉപ്പള മണിമുണ്ടയിലെ തൗഫീഖ് (44) എന്നിവരെയാണ് മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ എ.സന്തോഷ് കുമാർ, അഡി. എസ്.ഐ. ബി.സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കെദുമ്പാടിയിലെ മരംവ്യാപാരി ഇസ്മായിലിനെ ശ്വാസംമുട്ടിച്ച് കൊന്ന കേസിലെ പ്രതിയാണ് ഇസ്മായിൽ. ഈമാസം 16-ന് യു.പി. സ്വദേശികളെ ആക്രമിച്ച് 26,000 രൂപ കവർന്ന കേസിലെ പ്രതിയാണ് തൗഫീഖ്.

ഇസ്മായിലിനെ കർണാടകയിൽവെച്ചും തൗഫീഖിനെ ചൊവ്വാഴ്ച പുലർച്ചെ ഉപ്പളയിൽവെച്ചുമാണ് അറസ്റ്റുചെയ്തത്. 2020 ജനുവരി 19-ന് രാത്രി ഇസ്മായിലിന്റെ ഭാര്യ ആയിഷയുടെ സഹായത്തോടെ മൂന്നംഗ സംഘം വീട്ടിലെത്തി ഉറങ്ങുകയായിരുന്ന ഇസ്മായിലിന്റെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.

സംഭവത്തിൽ ഇസ്മായിലിന്റെ ഭാര്യ ആയിഷയെയും ഇവരുടെ ആൺസുഹൃത്ത് മുഹമ്മദ് ഹനീഫയെയും മറ്റൊരു പ്രതിയെയും നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം വാടകക്കെട്ടിടത്തിൽ താമസിക്കുന്ന യു.പി. സ്വദേശികളായ ബാർബർ തൊഴിലാളികളെ ആക്രമിച്ച് പണം കവർന്ന കേസിലാണ് തൗഫീഖിനെ അറസ്റ്റ് ചെയ്തത്.

ഒന്നാംപ്രതി ഇർഫാൻ എന്ന പപ്പുവും തൗഫീഖും ബദിയടുക്ക സ്വദേശിയും ചേർന്ന് യു.പി. സ്വദേശി ആലമിനെ തലക്കടിച്ച് വീഴ്ത്തുകയും മറ്റു രണ്ടു തൊഴിലാളികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമായിരുന്നു കവർച്ച. രണ്ടുപ്രതികളെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഇരുകേസുകളിലും മുഴുവൻ പ്രതികളും അറസ്റ്റിലായതായി പോലീസ് പറഞ്ഞു. പ്രതികളെ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (II) റിമാൻഡ് ചെയ്തു. സീനിയർ പോലീസ് ഓഫീസർ ചന്ദ്രശേഖരൻ, സി.പി.ഒ.മാരായ ഉത്തേഷ്, കിഷോർ, പ്രവീൺ തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.ഇസ്മായിൽ, തൗഫീഖ്

Content Highlights: Theft, murder two accused arrested