കല്യോട്ട്: വർഷം ഒന്ന്‌ കടന്നുപോയെന്നോ ശരത്‌ലാലും കൃപേഷും കൂടെയില്ലെന്നോ കല്യോട്ട്‌ ഗ്രാമക്കാർ വിശ്വസിക്കുന്നില്ല. അവരുടെ ഓരോ വാക്കിലും പ്രവൃത്തിയിലും ഇവർ രണ്ടുപേരും ജീവിക്കുന്നു. നാട്ടിലെ സാമൂഹികപ്രവർത്തകരായ, സാംസ്കാരികപ്രവർത്തകരായ, കലാപ്രവർത്തകരായ ഈ രണ്ടുപേരും ഒപ്പമുണ്ടെന്ന് മനസ്സുകൊണ്ടെങ്കിലും ആവർത്തിക്കുന്നു ഈ ഗ്രാമക്കാർ.

തിങ്കളാഴ്ച ശരത്തിന്റെയും കൃപേഷിന്റെയും വേർപാടിന്റെ ഒന്നാം ആണ്ടായിരുന്നു. ജില്ലക്കകത്തെ ഗ്രാമങ്ങളിൽനിന്നുൾപ്പെടെ നൂറുകണക്കിനാളുകളാണ് രാവിലെമുതൽ കല്യോട്ടെത്തിയത്. സംസ്ഥാന നേതാക്കളുടെ നിരതന്നെ കല്യോട്ടെ സ്മൃതികുടീരത്തിലും വൈകീട്ട് പെരിയയിൽ നടന്ന അനുസ്മരണ സമ്മേളനത്തിലുമെത്തി. വലിയ ആവേശത്തോടെ ഈ നാട്ടിലെയും മറുനാട്ടിലെയും കോൺഗ്രസുകാർ കൃപേഷിന്റെയും ശരത്‌ലാലിന്റെയും ഫോട്ടോ ഉയർത്തിപ്പിടിച്ച് ആ പേരുകൾ ഉറക്കെച്ചൊല്ലി ആർത്തിരമ്പി വിളിച്ചു ‘‘ഇല്ല ഇല്ല മരിക്കുന്നില്ല... മനസ്സിലുണ്ട്... ഈ മണ്ണിലുണ്ട് നിങ്ങൾ...’’ തിങ്കളാഴ്ച കല്യോടിനെ ഉണർത്തിയത് ഇരുവർക്കുമായി സഹപ്രവർത്തകർ മുഴക്കിയ പ്രഭാതഭേരിയാണ്‌. പുലർച്ചെമുതൽത്തന്നെ സ്മൃതിദിനാചരണ പരിപാടികൾ കല്യോട്ട് ആരംഭിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വിവിധ സംഘങ്ങൾ കല്യോടിന്റെ വിവിധ ഉൾപ്രദേശങ്ങളിലും പ്രഭാതഭേരി മുഴക്കി. ഒൻപതുമണിയോടെതന്നെ കല്യോട്ട് കൂരാങ്കര റോഡിലെ ഇരുവരുടെയും സ്മൃതിമണ്ഡപത്തിനുമുന്നിൽ പാർട്ടി പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. പ്രസ്ഥാനത്തിന് ജീവൻ ബലിയർപ്പിച്ച സഹപ്രവർത്തക്കായി പുഷ്പാർച്ചനയർപ്പിക്കാനായി അവർ കാത്തുനിന്നു.

ഇരുവരുടെയും കുടുംബാംഗങ്ങൾക്കൊപ്പം കെ.രാജ്മോഹൻ ഉണ്ണിത്താൻ എം.പി., രമ്യാ ഹരിദാസ് എം.പി., ഷാഫി പറമ്പിൽ എം.എൽ.എ., കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.പി.കുഞ്ഞിക്കണ്ണൻ, ജി.രതികുമാർ, ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ, അഡ്വ. സി.കെ.ശ്രീധരൻ, കെ.നീലകണ്ഠൻ, എ.ഗോവിന്ദൻ നായർ, കെ.എസ്.യു. സംസ്ഥാന പ്രസിഡൻറ് കെ.എം.അഭിജിത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണൻ, ഡോളി ജോർജ് തുടങ്ങിയ നേതാക്കൾ പുഷ്പാർച്ചനയർപ്പിച്ചു. നേതാക്കൾക്കൊപ്പം നൂറുകണക്കിന് പ്രവർത്തകരാണ് രാവിലെമുതൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയർപ്പിക്കാൻ എത്തിയത്.

ഏതൊക്കെ മനസ്സുകളെ സന്തോഷിപ്പിക്കാനാണ് ഇത്രയും വേദനയിലേക്ക് ഈ നാടിനെ തള്ളിവിട്ടതെന്ന്‌ പിന്നീടുനടന്ന അമ്മമാരുടെ സംഗമത്തിൽ ഷാഫി പറമ്പിൽ ചോദിച്ചു. അതിന് ഉത്തരംപറയാൻ അവർക്കാവില്ല. എന്നാൽ, അതിന് ഉത്തരം വരുംകാലം നിങ്ങളെക്കൊണ്ട് പറയിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊലയാളികൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ച് കോടതിയിൽ പോകുന്ന സർക്കാർ ഒന്നോർക്കണം. ഞങ്ങളുടെ പ്രിയ കിച്ചു(കൃപേഷ്)വിന്റെയും ജോഷി(ശരത്‌ലാൽ)യുടെയും അവസാനയാത്രയിൽ കത്തിച്ചുവെച്ച ചന്ദനത്തിരിയുടെയും പുതപ്പിച്ച പട്ടിന്റെയും നികുതിപ്പണം ഉൾപ്പെടെ ചെലവഴിച്ചാണ് പ്രതികളെ രക്ഷിക്കാൻ ഇറങ്ങുന്നത്.

വാളയാറിലെ സഹോദരിമാർക്ക് വക്കീലിനെവെക്കാൻ സർക്കാരിന് പണമില്ല. രണ്ട് ചെറുപ്പക്കാർക്ക് ജീവിക്കാനുള്ള അവകാശംകൊടുക്കാത്ത പ്രസ്ഥാനമാണ് ഭരണഘടനാസംരംക്ഷണത്തിനായി ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സങ്കടവും പ്രതിഷേധവും നിറഞ്ഞ് പ്രാർഥനാസംഗമം

പെരിയ: ശരത് ലാലിനെയും കൃപേഷിയും ഓർമകൾക്കുമുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ട് നടന്ന അമ്മമാരുടെ പ്രാർഥനാസദസ്സിൽ ഓർമത്തിരയുടെ സങ്കടമിരമ്പി. മഹിളാ കോൺഗ്രസാണ് കല്യോട്ട് മാതൃസംഗമവും പ്രാർഥനാസദസ്സും നടത്തിയത്. ആലത്തൂർ എം.പി. രമ്യാ ഹരിദാസ് ഉദ്ഘാടനംചെയ്തു. അമ്മയുടെ മഹത്വവും കുഞ്ഞിനായുള്ള ത്യാഗവും വാത്സല്യവും എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു രമ്യയുടെ പ്രസംഗം. ഉദരത്തിൽ കുഞ്ഞ് പിറക്കുമ്പോഴേ തന്റെ ഇഷ്ടങ്ങൾ മാറ്റിവെച്ച് കുഞ്ഞിനായി കാത്തിരിക്കുന്ന അമ്മമാരോളം മഹത്വം ഭൂമിയിൽ മറ്റൊന്നിനും ഉണ്ടാകില്ലെന്നുകൂടി പറഞ്ഞപ്പോൾ സദസ്സും ഈറനണിഞ്ഞു. പ്രതികളെ രക്ഷപ്പെടുത്താനാണ് സി.പി.എം. ശ്രമിക്കുന്നതെന്നും ഈ അമ്മമാരുടെ കണ്ണീരിലും പ്രാർഥനയിലും ആ പർട്ടിയുടെ ആണിക്കല്ല് ഇളകുമെന്നും അവർ പറഞ്ഞു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് അധ്യക്ഷതവഹിച്ചു. പാർട്ടി ഓഫീസുകളിൽ ആസൂത്രണംചെയ്ത് കൊല നടപ്പാക്കുന്ന പാർട്ടി കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന്‌ അവർ പറഞ്ഞു. ‘‘ആറ്റുനോറ്റുണ്ടായൊരുണ്ണീ...’’ എന്ന പാട്ടുപാടി ഉദ്ഘാടകയും സൂര്യകാന്തി കവിത ആലപിച്ച് അധ്യക്ഷയും സദസ്സിനെ ആർദ്രമാക്കി.

മതഗ്രന്ഥങ്ങളുടെ പാരായണവും നടന്നു. മീനാക്ഷി ബാലകൃഷ്ണൻ ഭഗവത്‌ഗീതയും ദിനേശ് മേപ്പാട്ട് ഭാഗവതവും മുഹാജിർ ഖുറാനും ബിന്ദു ബേബി ബൈബിളും വായിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ., ഡി.സി.സി. ജനറൽ സെക്രട്ടറി ധന്യാ സുരേഷ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ്, ജില്ലാ ജനറൽ സെക്രട്ടറി പി.ശ്രീകല, ജോളി സെബാസ്റ്റ്യൻ, സിന്ധു പദ്‌മനാഭൻ, തങ്കമണി സി. നായർ, ഗീതാ കൃഷ്ണൻ, ഉഷാ ചന്ദ്രൻ, എം.കെ.ബാബുരാജ്, പി.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.