തായന്നൂർ: പട്ടികജാതി-പട്ടികവർഗ കുടുംബങ്ങൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾക്ക്‌ സഹായമായി പ്രവർത്തിക്കേണ്ട സർക്കാർ ഓഫീസ് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. തായന്നൂർ ടൗണിനു സമീപത്തെ വില്ലേജ് എക്സ്‌റ്റെൻഷൻ ഓഫീസാണ് കഴിഞ്ഞ അഞ്ചുവർഷത്തിലേറെയായി അടഞ്ഞുകിടക്കുന്നത്.

ഇവിടെ സേവനമനുഷ്ഠിക്കേണ്ട ഉദ്യോഗസ്ഥൻ ജോലിചെയ്യുന്നത് 10കിലോമീറ്റർ അകലെയുള്ള അട്ടേങ്ങാനത്തെ കോടോംബേളൂർ പഞ്ചായത്ത് ഓഫീസിലാണ്. തുടക്കത്തിൽ തായന്നൂരിലെ വാടകക്കെട്ടിടത്തിലായിരുന്നു വി.ഇ.ഒ. ഓഫീസ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് കെട്ടിടം നിർമിച്ച് ഓഫീസ് അവിടേക്ക് മാറുകയായിരുന്നു.

ആദ്യകാലത്ത് കൃത്യമായി ഒാഫീസ് പ്രവർത്തിച്ചിരുന്നു. വലിയ ഭൂവിസ്തൃതിയുള്ള കോടോംബേളൂർ പഞ്ചായത്തിൽ അടുക്കം, തായന്നൂർ, എണ്ണപ്പാറ, പേരിയ, സർക്കാരി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് തായന്നൂരിലെ ഓഫീസ് വളരെയധികം ഉപകാരപ്പെട്ടിരുന്നതാണ്.

നിലവിൽ ലൈഫ് പദ്ധതി, പട്ടികവർഗ വിഭാഗക്കാർക്കുള്ള ആനുകൂല്യങ്ങൾ തുടങ്ങി പല പദ്ധതികളിലും വി.ഇ.ഒ. ഓഫീസുവഴിയാണ് തീരുമാനമെടുക്കുന്നത്. ഇത്തരം ആവശ്യങ്ങൾക്കായി തായന്നൂരിലെ ഓഫീസിൽ എത്തേണ്ടവരെല്ലാംതന്നെ രണ്ടു ബസ്സുകൾ മാറിക്കയറി അട്ടേങ്ങാനത്തെത്തി ഓഫീസറെ കാണേണ്ട സ്ഥിതിയാണ്. ഓഫീസ് തുറക്കാത്ത കാര്യം നിരവധിതവണ ഗ്രാമസഭകളിലും പഞ്ചായത്ത് ഭരണസമിതികളിലും ചർച്ചചെയ്യപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഓഫീസ് തുറക്കാത്തതിനെതിരേ സമരത്തിനൊരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. പരപ്പ ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് വി.ഇ.ഒ. ഓഫീസ് പ്രവർത്തിക്കുന്നത്. തായന്നൂരിലെ ഓഫീസ് കെട്ടിടത്തിൽ വെള്ളവും വൈദ്യുതിയും ഇല്ലാത്തതും പല പദ്ധതികളും പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ടതും കൊണ്ടാണ് ഓഫീസ് പ്രവർത്തനം അട്ടേങ്ങാനത്തേക്ക് മാറ്റിയതെന്നാണ് ഇക്കാര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം.