കാഞ്ഞങ്ങാട്: കണ്ണുനിറഞ്ഞു... കണ്ഠമിടറി... വിറയലോടെ ഇരുകൈകൾകൊണ്ടും മൈക്ക് മുറുകെപിടിച്ചു. ’എന്റെ പൊന്നുമക്കളേ...’ വിളി മുഴുമിപ്പിക്കാൻ പാടുപെടുകയായിരുന്നു 73 വയസ്സുള്ള ലക്ഷ്മി ടീച്ചർ. ടീച്ചറുടെ ഓരോ വാക്കിനും കാതോർത്ത കുട്ടികൾ അവരെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ചു. ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ഈ വൈകാരികനിമിഷങ്ങൾ പിറന്നത്.

ഇടുക്കി കളക്ടർ കൂടിയായ കാഞ്ഞങ്ങാട്ടുകാരൻ എച്ച്.ദിനേശ് പറഞ്ഞ വാക്കുകൾക്ക് പിന്നാലെയുള്ള യാത്രയിലാണ് ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ലക്ഷ്മി ടീച്ചറെ കണ്ടെത്തിയത്. സ്കൂളിന്റെ വിജയോത്സവത്തിൽ മുഖ്യാതിഥിയായി സംസാരിക്കവെ, പൂർവവിദ്യാർഥി കൂടിയായ ദിനേശ് തന്റെ അനുഭവം വിവരിച്ചിരുന്നു.

മാതൃസ്നേഹംചൊരിഞ്ഞ ഒരു ടീച്ചറുണ്ടായിരുന്നുവെന്നും തനിക്ക് ഐ.എ.എസ്. കിട്ടിയപ്പോൾ ടീച്ചറുടെ വീട്ടിലെത്തി ആ പാദം തൊട്ടുവന്ദിച്ചുവെന്നും പറഞ്ഞ് കളക്ടർ വികാരധീനനാകുകയായിരുന്നു. ലക്ഷ്മി ടീച്ചർ എന്നല്ലാതെ അവരുടെ വിലാസമൊന്നും കളക്ടർ പറഞ്ഞിരുന്നില്ല.

പിറ്റേന്നാൾ കളക്ടറുടെ പ്രസംഗം ’ടീച്ചർ എന്നെ ചേർത്തുപിടിച്ചു; കവിളിലൂടെ ആനന്ദക്കണ്ണീരൊഴുകി’ എന്ന തലക്കെട്ടിൽ അതേരീതിയിൽ ‘മാതൃഭൂമി’യിൽ അച്ചടിച്ചുവന്നപ്പോൾ, അത്‌ കാഞ്ഞങ്ങാട്ടെ നവമാധ്യമങ്ങളിൽ വൈറലായി. ഇതോടെ ലക്ഷ്മി ടീച്ചർ ആരാണെന്ന് വിദ്യാർഥികൾ അറിയുകയായിരുന്നു. ഹൊസ്ദുർഗ് സ്കൂളിൽ രണ്ടരപ്പതിറ്റാണ്ടുകാലം പഠിപ്പിച്ചിരുന്ന അതിയാമ്പൂരിലെ എ.ലക്ഷ്മി ടീച്ചർ.

വെള്ളിയാഴ്ച രാവിലെ ടീച്ചറെ സ്കൂളിലെത്തിച്ച് പൊന്നാടയണിയിച്ച് ആദരിച്ചു. പഠനത്തിൽ മികവുപുലർത്തിയ കുട്ടിയായിരുന്നു അവൻ. ഒറ്റവാക്കിൽ എച്ച്.ദിനേശനെ ഓർമിച്ച് ടീച്ചർ പറഞ്ഞു. പ്രിൻസിപ്പൽ എ.വി.സുരേഷ്ബാബു, പ്രഥമാധ്യാപകൻ എം.വി.രാധാകൃഷ്ണൻ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സംസാരിച്ചു.