നീലേശ്വരം: മുട്ടയിടാനെത്തുന്ന കടലാമകളുടെ വരവ് പൂർണമായും നിലച്ചതോടെ കടലാമകൾക്ക് സുരക്ഷിത പ്രജനനമൊരുക്കാൻ കഴിഞ്ഞ പതിനെട്ടുവർഷമായി പ്രവർത്തിക്കുന്ന തൈക്കടപ്പുറത്തെ നെയ്തൽ പരിസ്ഥിതി സംഘടനയുടെ പ്രവർത്തകർ ആശങ്കയിൽ.

ആഴക്കടലിൽനിന്ന് മുട്ടയിടുന്നതിനുവേണ്ടി ശാന്തമായ കടൽത്തീരം തേടി എത്തുന്ന ആമകളുടെ കാൽലക്ഷത്തിലധികം മുട്ടകൾ ഇതിനകം നെയ്തൽ ഹാച്ചറിയിൽ സുരക്ഷിതമായി വിരിയിച്ച് കടലിൽ വിട്ടിട്ടുണ്ട്. ആഴക്കടലിൽ എത്ര അകലെയാണെങ്കിലും മുട്ട വിരിഞ്ഞ തീരം തേടി എത്തുന്ന കടലാമകൾ എത്താത്തതിന്റെ ദുഃഖത്തിലാണ് കടലോരനിവാസികൾ.

ഏഴുതരം കടലാമകൾ ഉണ്ടെങ്കിലും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാംപട്ടികയിൽ പെട്ട ഒലിവ് റിഡ്‌ലി വിഭാഗത്തിൽ പെട്ട കടലാമകളാണ് സെപ്‌റ്റംബർ തൊട്ട് മാർച്ചുവരെയുള്ള കാലത്താണ് തൈക്കടപ്പുറം, വലിയപറമ്പ്, കാവുഗോളി, ആലപ്പുഴയിലെ തോട്ടപ്പള്ളിൽ ഗ്രീൻ റൂട്‌സ്, കോഴിക്കോട് കൊളാവി കടപ്പുറം തുടങ്ങിയ തീരങ്ങളിലെത്തുന്നത്.

ഒലിവ് റിഡ്‌ലി എന്ന ഇനത്തിൽപ്പെട്ട കടലാമകൾ ആണ് കേരള തീരങ്ങളിൽ അധികം കാണാറ്്‌. കപ്പലുകളുടെയും ബോട്ടുകളുടെയും പ്രൊപ്പല്ലർ, ജലഗതാഗത ഉപകരണങ്ങൾ എന്നിവയും കടലാമകൾക്ക് വില്ലനാകുന്നുണ്ട്. അധികൃതർ കടലാമസംരക്ഷണത്തിന് ആവശ്യമായ കരുതൽ എടുക്കണമെന്ന് പരിസ്ഥിതിസംഘടനയായ നെയ്തൽ പ്രവർത്തകൻ കെ.പ്രവീൺകുമാർ ആവശ്യപ്പെട്ടു.

ഭീഷണി ഇതൊക്കെ

മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലകൾ കടലിൽ ഉപേക്ഷിക്കുന്നതും കടലിൽ തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കൾ തിന്നുന്നതും അമിതോഷ്ണവുമാണ് കടലാമകളുടെ നാശത്തിന് കാരണമാകുന്നത്‌. മാംസത്തിനുവേണ്ടി, മുട്ടയ്ക്കുവേണ്ടി, പുറന്തോടിനുവേണ്ടി വലിയ തോതിൽ ആമകളെ വേട്ടയാടുന്ന സ്ഥിതിയുമുണ്ട്. മലിനീകരണം, തീരദേശ വികസനം, ആഗോളതാപനം തുടങ്ങിയവയും ഇവയുടെ വംശനാശത്തിന്‌ കാരണമാകുന്നു.