മംഗളൂരു : ബണ്ട്വാളിൽ സ്കൂളിലേക്ക് പോകുകയായിരുന്ന പതിനാറുകാരിയെ അഞ്ചംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ബണ്ട്വാൾ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒക്ടോബർ എട്ടിന് രാവിലെ സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ സംഘം ബലം പ്രയോഗിച്ച് കാറിൽ കയറ്റുകയും വിജനമായ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. അവശനിലയിലായ പെൺകുട്ടിയെ വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം വഴിയിൽ ഇറക്കിവിട്ടു.

രക്തസ്രാവമുണ്ടായതിനെ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ ആദ്യം ബണ്ട്വാളിലെ ആശുപത്രിയിലും തുടർന്ന് മംഗളൂരു ലേഡി ഗോഷൻ ആശുപത്രിയിലും എത്തിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ പെൺകുട്ടിക്ക് പരിചയമുള്ള നാല് യുവാക്കളെ കസ്റ്റഡിയിലെടുത്തതായി ദക്ഷിണ കന്നഡ എസ്.പി. സോണാവാനെ ഋഷികേശ് പറഞ്ഞു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.