പുല്ലൂർ: അരികിടിഞ്ഞ വിഷ്ണുമംഗലം-മണ്ണട്ട വളവിൽ അപകടം പതിവായി. മൂലക്കണ്ടത്തുനിന്ന് വിഷ്ണുമംഗലത്തേക്കുള്ള പാതയിൽ മണ്ണട്ട, നടുവട്ടംവയൽ പ്രദേശത്തേക്ക് പോകുന്ന റോഡിലേക്ക് പ്രവേശിക്കുന്ന ഇടമാണ് അപകടമുനമ്പായി മാറിയത്.
ആറുമാസത്തിനകം ഇവിടെ എട്ട് അപകടങ്ങൾ നടന്നു. കഴിഞ്ഞദിവസം ഇവിടെ സ്കൂട്ടർ കുഴിയിൽവീണ് അങ്കണവാടി ജീവനക്കാരി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ആവിയിലെ അജിത (42), എടമുണ്ടയിലെ അങ്കണവാടി ജീവനക്കാരി മണ്ണട്ടയിലെ അനിത (45) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ഇവർ സഞ്ചരിച്ച സ്കൂട്ടർ വളവിന് അരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഇരുവരും സ്വകാര്യ ആസ്പത്രിയിൽ ചികിൽസതേടി. നാലുമാസം മുൻപ് മണ്ണട്ടയിലെ ശാലിനി(42)യ്ക്കും ഇവിടെ സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റിരുന്നു. മാസങ്ങൾക്ക് മുൻപ് ഒരു കാറും ഇവിടെ തലകീഴായി മറിഞ്ഞിരുന്നു.
കുത്തനെ ഇറക്കം; പിന്നെ വളവ്
റോഡിൽ കുത്തനെയുള്ള ഇറക്കം കഴിഞ്ഞ് വരുന്ന വളവായതുകൊണ്ടാണ് അപകടം വർധിക്കുന്നത്. വളവിനോടുചേർന്ന ഭാഗത്ത് വീതികൂട്ടാനുള്ള സ്ഥലം വിട്ടുനൽകാമെന്ന് സ്വകാര്യവ്യക്തി അറിയിച്ചിട്ടും ഇതുസംബന്ധിച്ച് പലതവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് സമീപവാസി വി.രാജൻ വിഷ്ണുമംഗലം പറഞ്ഞു. സൈക്കിളുമായി പോകുന്ന ഒട്ടേറെ കുട്ടികൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
ഫണ്ടനുവദിക്കണം
കര കെട്ടിയുയർത്തുന്നതിന് ഓരോ വാർഡിനും ലഭിക്കുന്ന പഞ്ചായത്തിന്റെ വികസനഫണ്ട് തികയില്ലെന്ന് പഞ്ചായത്തംഗം എ.സന്തോഷ്‌കുമാർ പറഞ്ഞു. അതിന് മറ്റുസംവിധാനങ്ങൾവഴി പണം ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.