കാസർകോട്: ചന്ദ്രഗിരിപ്പാലത്തിൽ സ്കൂട്ടർ നിർത്തിയശേഷം പുഴയിലേക്ക് ചാടിയ ആളെ കാണാതായി. ഇതേത്തുടർന്ന് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല.

അണങ്കൂർ എം.ജി. കോളനിയിലെ അശോക് കുമാറി(42)നെയാണ് കാണാതായതെന്ന് കാസർകോട് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ചന്ദ്രഗിരിപ്പാലത്തിൽ ഓരാൾ ചാടുന്നതായി നാട്ടുകാർ കണ്ടത്.

സ്കൂട്ടറിലെത്തിയ അശോക് കുമാർ പാലത്തിന് മുകളിൽനിന്ന്‌ എടുത്തുചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പുഴയുടെ പകുതിയോളം നീന്തിയെത്തിയ ഇയാളെ പിന്നീട് കാണാതാവുകായായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. അഗ്നിരക്ഷാസേനയും ടൗൺ പോലീസും സ്ഥലത്തെത്തി.

ഡിങ്കി ബോട്ടിൽ അഗ്നിരക്ഷാസേന ഏറെനേരം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. സ്കൂട്ടറിൽനിന്ന്‌ ലഭിച്ച രേഖ ഉപയോഗിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. മഴക്കാലമായതിനാൽ പുഴയിൽ ശക്തമായ അടിയൊഴുക്കുണ്ട്. ഇത് തിരച്ചിൽ ദുഷ്കരമാക്കുന്നുണ്ടെന്നും അഗ്നിരക്ഷാ അധികൃതർ അറിയിച്ചു.