കാസർകോട്: കൽമാടിത്തോട് നഗരത്തിെല മാലിന്യം വഹിച്ച് ഒഴുകുകയാണ്... നഗരം വൃത്തിയാക്കുന്നതിനൊപ്പം സ്വയം വൃത്തികേടാവുകയും ചെയ്യുന്നു ഈ തോട്. പ്ലാസ്റ്റിക് ബാഗും കുപ്പികളും മലിനജലവും നിറഞ്ഞ് കിലോമീറ്റർ നീളുന്ന ദൂരത്തിന് ‘അപവാദമായി’ കുധൂർ ഭാഗത്ത് തോട് അതിന്റെ സൗന്ദര്യം കാണിക്കുന്നുണ്ട്. ചെറുകിട ജലസേചനവകുപ്പിന്റെ നവീകരണ ഭാഗമായി തോട് ആഴംകൂടി തെളിഞ്ഞൊഴുകുകയാണ് അവിടെ. എരിയാൽ, ഗുഡൂർ, കൽമാടി വയൽ, നെല്ലിക്കുന്ന്, പള്ളം എന്നിവിടങ്ങളിലൂടെ ഒഴുകി കടലിൽ പതിക്കുന്നതിനുമുമ്പുള്ള കൽമാടിത്തോടിന്റെ വ്യത്യസ്ത മുഖങ്ങളാണ് താഴെ

കുധൂർ, കൽമാടിവയൽ ഭാഗം

തോടിന്റെ സഞ്ചാരവഴിയിൽ കൃഷിനടക്കുന്ന പ്രദേശമാണ് ഗുധൂർ, കൽമാടിവയൽ പ്രദേശങ്ങൾ. മാലിന്യം നിറഞ്ഞ വെള്ളം കയറുന്നതും മാലിന്യങ്ങൾ കൃഷിയിടത്തിൽ അടിയുന്നതും കൃഷിയെ ബാധിക്കുന്നു. 30 ഏക്കറോളം സ്ഥലത്ത് ഈ തോട്ടിലെ വെള്ളമുപയോഗിച്ച് കൃഷി നടക്കുന്നു.

നഗരത്തിൽനിന്നുള്ള മാലിന്യവെള്ളം തോട്ടിലേക്ക് ഒഴുക്കിവിടുന്നത് കൃഷിയെയും ബാധിക്കുന്നു. വേലിയേറ്റസമയത്ത് കറുത്തനിറത്തിലുള്ള മലിനജലം വയലിലെത്തി നെല്ലും പച്ചക്കറിയും അടക്കമുള്ള വിളകൾ നശിച്ചുപോയ അവസ്ഥയുണ്ടായിട്ടുണ്ട്. വയലിലെ പുല്ലടക്കം കരിഞ്ഞുപോയിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ് തോടിന് ആഴം കുറഞ്ഞതു കാരണം തോട്ടിൽനിന്ന്‌ വെള്ളം വയലിലേക്ക് അധികമായി എത്തുന്നതും പ്രശ്നമാണ്. ഇതിന്റെ കൂടെ മാലിന്യങ്ങളും വയലിൽ അടിയുന്നുണ്ട്. ഈ ഭാഗങ്ങളിൽ അത്യാവശ്യം ഒഴുക്കുള്ളതിനാൽ ഒഴുകിവരുന്ന മാലിന്യങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കാൻ സാധ്യത കുറവാണ്.

നെല്ലിക്കുന്ന് ഭാഗം

നഗരത്തിലെ ഓവുചാലിലെ മലിനജലവും കക്കൂസ് മാലിന്യങ്ങളും കൽമാടിത്തോട് സ്വീകരിക്കുന്നത് നെല്ലിക്കുന്ന് ഭാഗത്താണ്. കൂടുതൽ ബുദ്ധിമുട്ട് ഈ ഭാഗത്തുള്ളവർക്കാണ്. തോടിനു സമീപത്തെ താമസക്കാരനായ മുഹമ്മദ് പറയുന്നത് ഇങ്ങനെ, ‘കിണറുകളിലെ വെള്ളത്തിന് ചുവന്ന കളർ, എണ്ണപ്പശ എന്നിങ്ങനെയാണ്. കിണർവെള്ളം കുടിക്കാൻ യോഗ്യമല്ല. അവിടെ എല്ലാ വീട്ടിലും ഫിൽട്ടർ കാണും. അല്ലാത്തിടത്ത് പുറമെനിന്ന്‌ വെള്ളം വാങ്ങുന്നു.’

ഒരുകാലത്ത് മീൻപിടിച്ചും കുളിച്ചും കളിച്ച സ്ഥലത്താണ് ഇന്ന് ഈ ദുരവസ്ഥയെന്ന് ഇവിടത്തുകാർ പറയുന്നു. ‘പതിനഞ്ച്‌ വർഷം മുമ്പ് തോണി പോയ സ്ഥലമാണ്. ഇന്ന് തീരെ ആഴമില്ല. മീനടക്കം ഒരു ജീവിയും ഈ വെള്ളത്തിൽ ജീവിക്കില്ല. അത്രയും മോശം അവസ്ഥയാണ്’ നാട്ടുകാരുടെ പരിഭവം. നെല്ലിക്കുന്ന് ഭാഗത്ത് തോടിന് കൃത്യമായി ഒഴുകാൻ സാധിക്കുന്നില്ല. പഴയ പാലം പൊളിച്ചതിന്റെ മാലിന്യങ്ങളടിഞ്ഞ് മൺത്തിട്ടയായിട്ടുണ്ട്.

ഇതിനെ വളഞ്ഞ് രണ്ട് ഭാഗത്തൂടെയാണ് തോടൊഴുകുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് തോടുനിറയെ. ഒപ്പം നഗരത്തിൽനിന്നുള്ള ഓവുചാൽ ഈ തോടിൽ ചേരുന്നുണ്ട്. അതിൽ ആസ്പത്രി മാലിന്യങ്ങളടക്കം വരുന്നു. മാലിന്യക്കൊട്ടയായതിനാൽ സമീപവാസികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന മണവും കൊതുകിന്റെ ശല്യവും ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.

പള്ളം ഭാഗം

കൽമാടിത്തോട് കടലിൽ ചേരുന്നതിന് ഏറ്റവും അടുത്ത പ്രദേശമാണ് പള്ളം. ഇവിടെയാണ് തോട്ടിലെ മാലിന്യങ്ങളുടെ കേന്ദ്രീകരണം. മാലിന്യക്കൊട്ടയായി രൂപാന്തരപ്പെട്ടതിനാൽ നഗരങ്ങളിൽനിന്നുപോലും ആൾക്കാർ വന്ന് മാലിന്യം തട്ടുന്നതായി പരിസരവാസികൾ പറയുന്നു. അറവുശാല മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും സമയവ്യത്യാസമില്ലതെ ഇവിടെ തള്ളുന്നു. മാലിന്യസംസ്കരണത്തിന് സംവിധാനമില്ലാത്ത നാട്ടുകാരും ഇതേരീതി പ്രയോഗിക്കുന്നു. ഒറ്റ കാഴ്ചയിൽ ഒരു മാലിന്യക്കൊട്ട.

പള്ളത്ത് മൊയ്തീൻപള്ളി വക സ്ഥലത്തെ ക്വാർട്ടേഴ്‌സിലെ താമസക്കാരനാണ് അബ്ദുറഹ്‌മാൻ. തോടിനുനേരെ അഭിമുഖം താമസക്കാരനായ ഇദ്ദേഹം പറയുന്നു, ‘പള്ളിവക പറമ്പിലെ ക്വാർട്ടേഴ്‌സിലെ എട്ടുമുറികളിലും താമസക്കാരുണ്ട്. വീടുകളിലായി പിന്നെയും താമസക്കാർ. ഇവർക്കുള്ള നാല് കിണറിലും തോട്ടിലെ മാലിന്യജലം കയറിയിട്ടുണ്ട്. വേനൽക്കാലത്ത് സഹിക്കാൻ പറ്റില്ല. കൊതുകുശല്യവും രൂക്ഷം.’ തോട്ടിലെ മലിനജലം ഉറവകളിലെത്തുന്നത് തോടിന് സമീപം താമസിക്കുന്നവരുടെ പ്രധാന പ്രശ്നമാണ്.

മഴക്കാലത്ത് ഒഴുക്കുണ്ടാകുമ്പോൾ പള്ളം ഭാഗത്ത് വലിയ ബുദ്ധിമുട്ടുണ്ടാകുന്നില്ല. വേനൽക്കാലത്ത് കറുപ്പുനിറത്തിലുള്ള വെള്ളത്തിന്‌ രൂക്ഷഗന്ധമാണ്. ഇതാണ് വേനൽക്കാലത്ത് കിണറുകളിലും ലഭിക്കുന്നത്. പ്ലാസ്റ്റിക് സഞ്ചിയിലടക്കമുള്ള മാലിന്യങ്ങൾ ചീഞ്ഞുനാറുന്നതും വേനൽക്കാലത്ത് ഇവിടെ സാധാരണമാണ്. ഒപ്പം ഒഴുകിപ്പോയവ വേലിയേറ്റസമയത്ത് തിരിച്ച് ഇതേ ഭാഗത്തേക്കെത്തുകയും ചെയ്യുന്നുണ്ട്.

ഇതേ സാഹചര്യങ്ങൾതന്നെയാണ് മറുകരയിലെ ഫാത്തിമയ്ക്കും. മണം കാരണം പുറത്തിറങ്ങാനാകുന്നില്ല. ഈ പ്രശ്നം ചൂണ്ടിക്കാട്ടി കളക്ടർക്കും നഗരസഭയ്ക്കും ഇവർ പരാതി നൽകി. വന്ന് പരിശോധനയല്ലാതെ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഒഴുകിപ്പോകുന്ന പ്ലാസ്റ്റിക്കടക്കമുള്ളവ കണ്ടൽക്കാടുകളിൽ തള്ളിയാണ് നിൽക്കുന്നത്. ഇത് കണ്ടലിനെയും ബാധിക്കുന്നു.

മാലിന്യം നീക്കിയാൽ ‘ഇങ്ങനെയിരിക്കും’

കൽമാടിത്തോടിന്റെ അവസ്ഥ നഗരസഭ അവഗണിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം കൃഷിയാവശ്യങ്ങൾക്കായി വെള്ളം സംഭരിക്കുന്നതിന് ചെറുകിട ജലസേചനവകുപ്പിന്റെ കീഴിൽ കുധൂർ ഭാഗങ്ങളിൽ നടക്കുന്ന നവീകരണപ്രവർത്തനം തോടിന്റെ ചെറിയ ഭാഗത്തെങ്കിലും പുതുജീവൻ നൽകിയിട്ടുണ്ട്. ആഴംക്കൂട്ടി അരികുകൾ കരിങ്കല്ല് പാകിയാണ് നവീകരണം. ആഴം കൂടി നല്ല ഒഴുക്കുലഭിക്കുന്നതിനൊപ്പം തോട്ടിൽനിന്ന്‌ കൃഷിയിടത്തേക്ക് വെള്ളം കയറുന്ന ബുദ്ധിമുട്ടും ഇതോടെ ഇല്ലാതാകും.

നഗരസഭ കാണണം ഈ മാലിന്യങ്ങൾ

ചെറുകിട ജലസേചനവകുപ്പിന്റെ കരാർ പ്രകാരം മണ്ണുനീക്കി ആഴം കൂട്ടുകയാണ് കരാറുകാർ ചെയ്യേണ്ടത്. അപ്പോഴും തോട്ടിൽനിന്ന് കിട്ടിയ മാലിന്യങ്ങൾ എന്തുചെയ്യണമെന്നറിയാതെ വയൽക്കരയിൽ കിടക്കുകയാണ്. തോട്ടിലെ മണ്ണ് നീക്കുന്ന സമയത്ത് മണ്ണിനെക്കാൾ കൂടുതൽ പ്ലാസ്റ്റിക്കാണ് ലഭിച്ചതെന്ന് കരാറുകാരും പറയുന്നു. മഴ ശക്തമായാൽ മണ്ണലിഞ്ഞ് പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങൾ വയലിലെത്തുന്ന സാഹചര്യമുണ്ടാകും.