തൃക്കരിപ്പൂർ: കൊവ്വപ്പുഴ പാലത്തിന്റെ നിർമാണപ്രവൃത്തിക്കായി മണ്ണിട്ട് മൂടിയ കൊവ്വപ്പുഴയിലൂടെ വെള്ളമൊഴുകാൻ നടപടിയെടുത്തില്ല. പാലം നിർമാണം പൂർത്തിയായിട്ട് ആറ് മാസമാവാറായിട്ടും പുഴയിലെ മണലും പുഴയിൽ നിർമിച്ച സമാന്തരപാതയുടെ അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ നടപടിയെടുത്തില്ല.

ഒഴുക്ക് തടസ്സപ്പെടുത്തിയാണ് കാരറുകാർ പാലത്തിൻറെ പ്രവൃത്തി പൂർത്തിയാക്കിയത്. ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. കാലവർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നടപടിയെടുക്കേണ്ട പൊതുമരാമത്ത് വകുപ്പ് അധികൃതർ മൗനത്തിലാണ്‌.

2016 ആഗസ്റ്റ് മാസത്തിലാണ് പാലം നിർമിക്കാൻ പുഴയിൽ മണലിട്ട് ഒഴുക്ക് തടസ്സപ്പെത്തിയത്. ഒളവറ-ഉടുമ്പുന്തല-വെള്ളാളാപ്പ് റോഡ് വീതികൂട്ടി റീടാറിംഗ് നടത്തുന്നതിന്റെ ഭാഗമായാണ് പാലം പുതുക്കിപ്പണിതത്.

ബസ്സുകളടക്കം സർവീസ് നടത്തുന്ന റോഡിൽ ഗതാഗതം തടസ്സപ്പെടാതിരുക്കാനാണ് പുഴയിൽ താത്‌കാലിക തടയണ നിർമിച്ച് സൗകര്യമൊരുക്കിയത്. കഴിഞ്ഞ കാലവർഷത്തിൽ ഒഴുക്ക് തടസപ്പെട്ടതിനാൽ ധാരാളം മീനുകൾ ചത്തുപൊന്തിയിരുന്നു.പുഴ ഒഴുകാൻ അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു