കാസർകോട് : ഇരുണ്ടമാനം പോലെയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം. കിട്ടുന്ന മീനിന്റെ അളവ് ദിനംപ്രതി കുറഞ്ഞുവരുന്നു. കടലിലിറങ്ങാൻ സമ്മതിക്കാത്ത ന്യൂനമർദവും കാലാവസ്ഥയും. ഈ സങ്കടത്തിരമാലകളെ മറികടക്കേണ്ട പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ദുരിതമാവുകയാണ് മണ്ണെണ്ണ വിലവർധന. ഔട്ട്‌ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്കാണ് മണ്ണെണ്ണ ആവശ്യമായി വരുന്നത്.

മത്സ്യഫെഡും സിവിൽ സപ്ലൈസ് വകുപ്പുമാണ് മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ നൽകുന്നത്. മത്സ്യഫെഡിന്റെ ബങ്കുകളിൽ 94.50 രൂപയാണ് മണ്ണെണ്ണയ്ക്ക്. ആദ്യം മുഴുവൻ തുകയും നൽകി മണ്ണെണ്ണ വാങ്ങിയാൽ ലിറ്ററിന് 25 രൂപ സബ്‌സിഡിയായി അക്കൗണ്ടിലെത്തും. പണം ആദ്യം നൽകണമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ പൊതുവിതരണവകുപ്പിന്റെ മണ്ണെണ്ണയാണ് കൂടുതലും ആശ്രയിക്കുന്നത്.

ഒക്ടോബറിൽ പൊതുവിതരണവകുപ്പ് 47 രൂപയ്ക്ക് നൽകിയ മണ്ണെണ്ണ നവംബറിൽ 55 രൂപയ്ക്കാണ് വിതരണം ചെയ്യുക. അതേസമയം മത്സ്യഫെഡിൽനിന്ന് വാങ്ങുന്ന മണ്ണെണ്ണയ്ക്കുള്ള സബ്‌സിഡി ഓഗസ്റ്റിലേത് മാത്രമാണ് ഇതുവരെ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചിട്ടുള്ളത്.

ഉയരുന്ന ചെലവ്, മീനുകൾ ദൂരേക്ക്

കുതിരശക്തിക്ക് താഴെ 129 ലിറ്റർ മണ്ണെണ്ണയാണ് പൊതുവിതരണവകുപ്പ് നൽകുന്നത്. മറ്റുള്ളവയ്ക്ക് 179 ലിറ്ററും. ഈ എണ്ണ ഒരുദിവസത്തെ മത്സ്യബന്ധനത്തിന് തന്നെ വേണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

''നാല് തോണികളായാണ് കടലിൽ പോകുന്നത്. രണ്ടെണ്ണത്തിൽ രണ്ട് എൻജിൻവീതവും മറ്റ് രണ്ടെണ്ണത്തിൽ ഓരോന്ന് വീതവും. ഇവ ഒരുതവണ മീൻപിടിച്ച് തിരിച്ചെത്താൻ പൊതുവിതരണവകുപ്പ് നൽകുന്ന മണ്ണെണ വേണം''- കസബ കടപ്പുറത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളിയായ വി. വിനോദൻ പറയുന്നു.

ചെറിയ വള്ളങ്ങളാണെങ്കിലും 50-60 ലിറ്റർ മണ്ണെണ്ണ ദിവസേന വേണം. ഇതോടെ മറ്റു ദിവസത്തേക്ക് പുറംവിപണിയിൽനിന്ന് മണ്ണെണ്ണ അധിക വില നൽകി വാങ്ങുകയാണ് ചെയ്യുന്നത്. ഇതിന് ലിറ്ററിന് 80-90 രൂപവരെയാണ് വില.

കടലിൽ മറുനാടൻ ട്രോളറുകൾ തീരത്തോട് ചേർന്ന് മീൻപിടിത്തം നടത്തുമ്പോൾ മത്സ്യസമ്പത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽനിന്ന് അകലെയാവുകയാണ്. ഇതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും സ്ഥിരംദൂരം വിട്ട് വല എറിയേണ്ട അവസ്ഥയിലാണ്. കസബ തീരത്തെ മത്സ്യത്തൊഴിലാളിയുടെ അനുഭവം ഇങ്ങനെ: ''ദൂരത്താണ് ഇപ്പോൾ മീനുള്ളത്.

ദൂരം കൂടുമ്പോൾ ചെലവ് കൂടുകയാണ്. അധികം എണ്ണ വേണ്ടിവരും. 20,000 രൂപ പോയിവരാൻ ചെലവാണ്. കഴിഞ്ഞ ദിവസം കടലിൽ പോയിട്ട് 50,000 രൂപയോളമാണ് നഷ്ടമുണ്ടായത്. മീൻ കിട്ടുന്നത് കുറയുകയാണ്. അതുകൊണ്ട് രണ്ട് ദിവസമായി വള്ളമിറക്കിയിട്ടില്ല.''

Content highlights: rising kerosene prices poses financial threat to fishermen