രാജപുരം : കോവിഡ് കാലത്തെ നന്മയെ കണ്ടറിഞ്ഞ് അഭിനന്ദിക്കാൻ രാഷ്ട്രീയം മറന്ന്‌ നാട്‌. കോവിഡ് നിരീക്ഷണത്തിലിരിക്കെ പാന്പുകടിയേറ്റ ഒന്നരവയസ്സുകാരിയെ രക്ഷിച്ച സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ജിനിൽ മാത്യു, സേവാഭാരതി പ്രവർത്തകൻകൂടിയായ ആംബുലൻസ് ഡ്രൈവർ ബിനു കുണ്ടുപ്പള്ളി എന്നിവരെ അഭിനന്ദിച്ച് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് അഭിനന്ദിച്ച് കുറിപ്പ്‌ ഇട്ടിരിക്കുന്നത്. കുട്ടിയെ ആസ്പത്രിയിൽ എത്തിക്കാൻ സഹായവുമായി ഒപ്പംനിന്ന ജോമോൻ പെരുമാലി, പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. യൂസുഫ്, അടിയന്തര ചികിത്സാസൗകര്യമൊരുക്കി കാത്തുനിന്ന ജില്ലാ ആസ്പത്രി ജീവനക്കാർ എന്നിവരെയും അഭിനന്ദനമറിയിച്ചാണ് കുറിപ്പ് നിർത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസം രാത്രിയാണ് പാണത്തൂർ വട്ടക്കയത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന കുടുംബത്തിലെ ഒന്നരവയസ്സുകാരിയെ പാമ്പ് കടിച്ചത്. ഈ സമയം ബഹളംകേട്ടെത്തിയ ജിനിലാണ് കോവിഡ് ഭീതി അവഗണിച്ച് കുട്ടിയെ എടുത്ത് ആസ്പത്രിയിലെത്തിക്കാൻ തയ്യാറായത്.

ചികിത്സയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജിനിൽ മാത്യുവും ജോമോനും നിലവിൽ നിരീക്ഷണത്തിലാണ്. സ്വന്തം ജീവൻ മറന്ന് പ്രവർത്തിച്ച ജിനിലിനെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം ഒട്ടേറെപ്പേർ അഭിനന്ദിച്ചിരുന്നു.

ജിനിൽ നാളെ നിങ്ങൾക്കുവേണ്ടിയും ഓടിവരും

രാജപുരം : ‘‘നാളെ നിങ്ങൾക്കുവേണ്ടിയും ജിനിൽ ഓടിവരും. കാരണം അയാൾ ഒരു നല്ല മനുഷ്യസ്നേഹിയാണ്’’- കോവിഡ് നിരീക്ഷണത്തിൽ കഴിയവേ പാമ്പ് കടിയേറ്റ് ചികിത്സയിലുള്ള ഒന്നരവയസ്സുകാരിയുടെ പിതാവ് ബിഹാറിൽ അധ്യാപകനായി ജോലി ചെയ്യുന്ന പാണത്തൂർ വട്ടക്കയത്തെ ആനിമൂട്ടിൽ ജീവൻ സമൂഹമാധ്യമത്തിൽ കുറിച്ചതാണിത്. അലമാരയിലിരിക്കുന്ന പണത്തിനും കൈയിലിരിക്കുന്ന വിലകൂടിയ ഫോണിനും ഒരു വിലയുമില്ലെന്നറിഞ്ഞ നിമിഷമാണ് പാമ്പ് കടിയേറ്റ എന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി നിലവിളിച്ചത്.

ഓടിയെത്തിയവരെല്ലാം കോവിഡ് നിരീക്ഷണത്തിലുള്ള ഞങ്ങളുടെ വീട്ടിലേക്ക് കയറാൻ മടിച്ചു. അപ്പോഴാണ് ജിനിൽ ഓടിയെത്തിയത്. ഉടൻതന്നെ വീട്ടിനകത്ത് കയറി പാമ്പ് ഏതാണെന്ന് ഉറപ്പിച്ചശേഷം കുട്ടിയെ വാരിയെടുത്ത് ആംബുലൻസ് വിളിച്ച് കൊണ്ടുപോവുകയായിരുന്നു.

ഈ വേദനയിൽ ഒപ്പംനിന്ന് സഹായിച്ച മറ്റുള്ളവരുടെ പേരെടുത്ത് പറഞ്ഞുമാണ് കുട്ടിയുടെ പിതാവ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.