രാജപുരം: രണ്ടരപതിറ്റാണ്ടുകാലം കുട്ടികളുടെ മനസ്സറിഞ്ഞ് വിദ്യ അഭ്യസിപ്പിച്ച ഗുരുനാഥന്റെ കലാലയജീവിതത്തിൽനിന്നുള്ള പടിയിറക്കവേളയിൽ എന്നെന്നും ഓർമിക്കാൻ ഗുരുദക്ഷിണയൊരുക്കി ശിഷ്യർ. നാടിന്റെ പ്രാർഥനയും സഹായവും തുണയാക്കി ബുധനാഴ്ച രാവിലെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയയായ ചുള്ളിക്കരയിലെ ശ്രീജയ്ക്ക് മനോഹരമായ വീടൊരുക്കിയാണ് ശിഷ്യഗണങ്ങൾ രാജപുരം സെയ്ന്റ് പയസ് കോളേജ് സാമ്പത്തികശാസ്ത്ര വിഭാഗം തലവൻ ഡോ. ആർ.സതീഷ്‌കുമാറിന് യാത്രയയപ്പ് നൽകുന്നത്.

2000-03 വർഷത്തെ ഇക്കണോമിക്സ് ബാച്ചിലെ വിദ്യാർഥിനിയായിരുന്നു ശ്രീജ. സ്വന്തമായി ഒരു വീടുപോലുമില്ലാത്ത ശ്രീജ വൃക്കരോഗംബാധിച്ച് ദുരിതമനുഭവിക്കുന്ന വിവരമറിഞ്ഞ കൂട്ടുകാരടക്കമുള്ള പൂർവവിദ്യാർഥികളും നിലവിലെ ബാച്ചിലെ കുട്ടികളും ശ്രീജയ്ക്ക് വീടൊരുക്കിനൽകാൻ കൈകോർക്കുകയായിരുന്നു. പ്രിയപ്പെട്ട അധ്യാപകൻ വിരമിക്കുമ്പോൾ നൽകാൻകഴിയുന്ന ഏറ്റവുംവലിയ ഗുരുദക്ഷിണയായിരിക്കുമിതെന്ന തിരിച്ചറിവാണ് കഴിഞ്ഞ 23 വർഷക്കാലത്തിനിടയ്ക്ക് കോളേജിൽനിന്ന്‌ ധനതത്ത്വശാസ്ത്ര ബിരുദപഠനം പൂർത്തിയാക്കിയവരും നിലവിലെ വിദ്യാർഥികളും ശ്രീജയ്ക്ക് വീടൊരുക്കി നൽകാൻ മുന്നിട്ടിറങ്ങിയത്.

വാടകവീട്ടിൽ കഴിയുന്ന രോഗിണിയായ ശ്രീജയുടെയും കുടുംബത്തിന്റെയും വിവരമറിഞ്ഞ് ഒടയംചാൽ ആലടുക്കത്തെ അപ്പകകുഞ്ഞിയെന്നയാൾ ഇവർക്ക് വീടുവെയ്ക്കാൻ ആറര സെന്റ് സ്ഥലം സൗജന്യമായി നൽകിയിരുന്നു. ഇവിടെയാണ് വെറും മൂന്നുമാസംകൊണ്ട് ഒൻപതുലക്ഷം രൂപ ചെലവിൽ 650 ചതുരശ്ര അടി വിസ്തീർണമുള്ള വീടൊരുങ്ങിക്കഴിഞ്ഞിരിക്കുന്നത്.

കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനായ ഡോ. സതീഷ്‌കുമാറിനുള്ള യാത്രയയപ്പ് ശനിയാഴ്ച നടക്കും. ഈ വേദിയിൽ ശ്രീജയുടെ മകന് വീടിന്റെ താക്കോൽ കേന്ദ്ര സർവകലാശാലാ വൈസ് ചാൻസലർ ഡോ. ജി.ഗോപകുമാർ സമ്മാനിക്കും. കള്ളാർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പെണ്ണമ്മാ ജെയിംസ്‌ ചെയർപേഴ്‌സണും കെ.പി.നൗഷാദ് കൺവീനറുമായി നാട്ടുകാർ രൂപവത്കരിച്ച ചികിത്സാ സഹായ സമിതിയാണ് ശ്രീജയുടെ ചികിത്സാച്ചെലവുകൾ നോക്കുന്നത്. ഭർത്താവ് അനീഷാണ് വൃക്ക നൽകിയത്.