രാജപുരം: കള്ളാർ ചുള്ളിതട്ടിൽ തകരാറിലായി കിടക്കുന്ന ക്രെയിൻ മാറ്റണമെന്നാവശ്യപ്പെട്ട് ക്രഷറിൽ നിന്നും വരുന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. ഒടുവിൽ പോലീസെത്തി രണ്ട് ദിവസത്തിനകം ക്രെയിൻ മാറ്റാമെന്ന ഉറപ്പിലാണ് നാട്ടുകാർ പ്രതിഷേധമവസാനിപ്പിച്ചത്.

വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി ഒരുമാസത്തിലധികമായി വീതി കുറഞ്ഞ റോഡിൽ ക്രെയിൻ തകരാറിലായി കിടക്കുന്നത് മാതൃഭൂമി ചൊവ്വാഴ്ച വാർത്തയാക്കിയിരുന്നു. തുടർന്നാണ് നാട്ടുകാർ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ക്രഷർ യൂണിറ്റിൽ നിന്നും വന്ന ടിപ്പർ ലോറികൾ തടഞ്ഞത്. വിവരമറിഞ്ഞെത്തിയ രാജപുരം എസ്.ഐ. കെ.രാജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയ ശേഷം വാഹനങ്ങൾ പോകാൻ അനുവദിക്കുകയായിരുന്നു.