രാജപുരം: ക്രഷർ യൂണിറ്റിലേക്ക് വന്ന കൂറ്റൻ ക്രെയിൻ റോഡിൽ തകരാറായി കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. മാറ്റാൻ നടപടിയെടുക്കാതെ ഉടമയും അധികൃതരും. ഏതുനിമിഷവും അപകടമുണ്ടാകുമെന്ന ഭീതിയുമായി നാട്ടുകാർ. കള്ളാർ-ചുള്ളിത്തട്ട് റോഡിൽ അടോട്ടുകയയിലാണ് വാഹന-കാൽനടയാത്രക്കാർക്ക് ഭീഷണിയായി ക്രെയിൻ തകരാറായി കിടക്കുന്നത്.

മുത്തപ്പൻമലയിലെ ക്രഷർ യൂണിറ്റിലേക്ക് വന്ന വളപട്ടണത്തെ സ്വകാര്യ ക്രെയിൻ സർവീസിന്റെതാണ് ക്രെയിൻ. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽനിന്ന്‌ ക്രെയിൻ മാറ്റുന്നത് വൈകിയതോടെ വെള്ളിരിക്കുണ്ട് ആർ.ടി. ഓഫീസിൽ വിവരമറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു. മലയോരഹൈവേ നിർമാണത്തിന്റെ ഭാഗമായി പതിനെട്ടാംമൈൽ-ചുള്ളിത്തട്ട്-മാലോം റോഡിന്റെ നവീകരണം നടക്കുന്നതിനാൽ ഈ വഴി കടന്നുപോകേണ്ട വാഹനങ്ങളടക്കം കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിൽ പ്രവേശിക്കാൻ ഇതുവഴിയാണ് പോകുന്നത്. ഇതോടെ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും കൂടി. വീതി കുറഞ്ഞ പഞ്ചായത്ത് റോഡായതിനാൽ ഇരുഭാഗങ്ങളിൽനിന്നും വരുന്ന വാഹനങ്ങൾ കടന്നുപോകുന്നതിനുപോലും പല സ്ഥലങ്ങളിലും വീതിയില്ല. നിലവിൽ െക്രയിൻ തകരാറായി കിടക്കുന്ന ഭാഗത്താകട്ടെ ട്രാൻസ്ഫോർമർ കൂടി ഉള്ളതിനാൽ ചെറുവാഹനങ്ങൾ പോലും കടന്നുപോകുന്നത് ഏറെ പണിപ്പെട്ടാണ്. എത്രയും വേഗം റോഡിൽനിന്ന്‌ െക്രയിൻ മാറ്റാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.