രാജപുരം: എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തി പൂടംകല്ലിലെ താലൂക്ക് ആസ്പത്രിക്കുവേണ്ടി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എട്ടിന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. മലയോരത്തെ എട്ട് പഞ്ചായത്തുകളിലെ ജനങ്ങൾ ചികിത്സ തേടിയെത്തുന്ന ആസ്പത്രിയിൽ മികച്ച ഭൗതികസൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തി കെട്ടിടമൊരുക്കാൻ 2012-ൽ തുക നീക്കിവെച്ചത്.

2015-ൽ, മന്ത്രിയായിരുന്ന വി.എസ്.ശിവകുമാറായിരുന്നു കെട്ടിടത്തിന് തറക്കല്ലിട്ടത്. 5.22 കോടി രൂപയാണ് കെട്ടിടമൊരുക്കാൻ സർക്കാർ അനുവദിച്ചത്. 2018-ൽ കെട്ടിടം പണി പൂർത്തിയാക്കിയെങ്കിലും അനുബന്ധ സൗകര്യങ്ങൾ ഒരുക്കാൻ തുക തികയാതെവന്നതോടെ ബ്ലോക്ക് പഞ്ചായത്ത് 22 ലക്ഷം രൂപ അനുവദിച്ചു. എൻ.അർ.എച്ച്.എം. വഴി ആറ് ലക്ഷം രൂപയും ലഭിച്ചതോടെയാണ്‌ അനുബന്ധപ്രവൃത്തികളും വൈദ്യുതീകരണത്തിനുള്ള ട്രാൻസ്ഫോർമറുമടക്കം സ്ഥാപിച്ച് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങിയത്.

പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിയുന്നതോടെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പുരുഷ-വനിതാ വാർഡുകളും കുട്ടികളുടെ വാർഡുമായിരിക്കും പ്രവർത്തിക്കുക. ഒന്നാംനിലയിൽ അടിയന്തര ചികിത്സാവിഭാഗം, ഒ.പി. വിഭാഗം, ഫാർമസി, ലാബോറട്ടറി തുടങ്ങിയവയ്ക്കുമായി ഒരുക്കും. എൻ.ആർ.എച്ച്.എമ്മിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രസവശുശ്രൂഷാ വിഭാഗം, ഓപ്പറേഷൻ തിയേറ്റർ എന്നിവയായിരിക്കും മൂന്നാംനിലയിൽ പ്രവർത്തിക്കുക.