രാജപുരം: ആത്മീയതയുടെ പേരിൽ നടക്കുന്ന സംഭവങ്ങൾ ഉത്കണ്ഠ ഉണർത്തുന്നതാണെന്ന് തലശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. രാജപുരം ബൈബിൾ കൺവെൻഷൻ സമാപനദിവസം ദിവ്യബലി അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവിഭാഗത്തിന്റെ രക്ഷയല്ല, മനുഷ്യകുലത്തിന്റെ രക്ഷയാണ് നമ്മുടെ ലക്ഷ്യം. എന്റെ നന്മ എന്ന് മാത്രം വിചാരിക്കുന്നിടത്ത് അപകടം പതിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജപുരം, പനത്തടി ഫൊറോനകളുടെ നേതൃത്വത്തിൽ നടത്തിയ കൺവെൻഷനിൽ നാല് ദിവസങ്ങളിലായി അറുപതിനായിരത്തോളം വിശ്വാസികൾ സംബന്ധിച്ചു. ദിവ്യബലിക്ക് കാഞ്ഞങ്ങാട് തിരുഹൃദയ പള്ളി വികാരി ഫാ. ജോസ് തറപ്പുതൊട്ടിയിൽ, പാണത്തുർ സെയ്‌ന്റ് മേരിസ് പള്ളി വികാരി ഫാ. ജോർജ് വള്ളിമല എന്നിവർ സഹകാർമികരായി.
ഫാ. ജോസ് കറുകപ്പറമ്പിൽ ആരാധനയ്ക്ക് നേതൃത്വം നൽകി. ആയിരങ്ങൾ വിശ്വാസപ്രഭയിൽ മെഴുക് തിരി തെളിച്ച് നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിച്ചു. ബ്രദർ ഡോ. മാരിയോ ജോസഫും സംഘവും നയിച്ച കൺവെൻഷനിൽ കോട്ടയം അതിരുപതാ മെത്രാപ്പൊലീത്ത മാർ മാത്യു മുലക്കാട്ട്, സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, തലശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാർ ജോർജ് ഞരളക്കാട്ട് എന്നിവരും ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി.