രാജപുരം: പുല്ലൂർ പെരിയ പഞ്ചായത്തിലെ ഇരിയ പാറപ്പെരുതടി കെട്ടുങ്കാലിൽ റബ്ബർ സംസ്കരണ യൂണിറ്റ് സ്ഥാപിക്കാനുള്ള സ്വകാര്യ വ്യക്തികളുടെ നീക്കത്തിനെതിരേ പ്രതിഷേധം ശക്തം. നാട്ടുകാർ കർമ സമിതി രൂപവത്കരിച്ചു. നിരവധി വീടുകളുള്ള ജനവാസകേന്ദ്രത്തിൽ റബ്ബർ സംസ്കരണ യൂണിറ്റിന് അനുമതി നൽകിയാൽ ശക്തമായ സമരം തുടങ്ങാൻ ഇരിയയിൽ ചേർന്ന ജനകീയ കർമസമിതി യോഗം തീരുമാനിച്ചു.

ഇതിനുമുന്നോടിയായി പ്രദേശത്തെ താമസക്കാരിൽനിന്ന്‌ ഒപ്പുശേഖരണം നടത്തി മന്ത്രി ഇ.ചന്ദ്രശേഖരൻ, കളക്ടർ, പഞ്ചായത്ത് അധികാരികൾ തുടങ്ങിയവർക്ക് നിവേദനം നൽകും. റബ്ബർ തോട്ടങ്ങൾ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് ഇവയിൽനിന്നും ലഭിക്കുന്ന പാൽ വ്യാവസായികാടിസ്ഥാനത്തിൽ സംസ്കരിക്കാനുള്ള യൂണിറ്റാണ് പ്രദേശത്ത് തുടങ്ങാൻപോകുന്നതെന്ന് നാട്ടുകാർ പറയുന്നു.

ഇതിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളും സംസ്കരണത്തിനുശേഷം പുറന്തള്ളപ്പെടുന്ന രാസമാലിന്യങ്ങൾ കലർന്ന വെള്ളവും പ്രദേശത്തെ ജനജീവിതത്തിന് ഭീഷണിയാകും. സംസ്കരണത്തിന്റെ ഭാഗമായുണ്ടാകുന്ന രൂക്ഷ ഗന്ധവും പുകമാലിന്യവും പ്രദേശത്തെ കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തെയും ബാധിക്കുമെന്നും യോഗം ആരോപിച്ചു.

അന്നന്നത്തെ അന്നത്തിന് വക തേടുന്ന സാധാരണക്കാർ മാത്രം കഴിയുന്ന പ്രദേശത്ത് സംസ്കരണ യൂണിറ്റ് തുടങ്ങാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കാനും യോഗം തീരുമാനിച്ചു.

പഞ്ചായത്തംഗം പി.സതീശൻ അധ്യക്ഷതവഹിച്ചു. ഇരിയ ഗവ. ഹൈസ്കൂൾ പി.ടി.എ. പ്രസിഡന്റ് വി.സുനിത, രാമകൃഷ്ണൻ, കെ.പി.വേണു, ഡി.കെ.വേണു, ബി.രാജേഷ്, ടി.വി.സുഗുണൻ, ഷാജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി.വേണു (ചെയ.), ഡി.കെ.വേണു (കൺ.), രാമകൃഷ്ണൻ (ഖജാ.).