രാജപുരം: പൂടംകല്ല് താലൂക്ക് ആസ്പത്രിയിൽ പകലും രാത്രിയുമായി ദിവസേന ചികിത്സ തേടി ആയിരത്തോളം രോഗികളെത്തുന്നു. പരിശോധിച്ച് ചികിത്സ നിർദേശിക്കാനാകട്ടെ ആകെയുള്ളത് മെഡിക്കൽ ഓഫീസർ ഉൾപ്പെടെ ഏഴ് ഡോക്ടർമാർ. ജോലിഭാരം താങ്ങാൻ കഴിയാതായതോടെ 24 മണിക്കൂർ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് പൂടംകല്ല് താലൂക്ക് ആസ്പത്രിയിലെ ഡോക്ടർമാർ.

ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ മണിക്കൂറുകളോളമാണ് രോഗികൾ കാത്തിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ മുതൽ തിരക്കായതിനാൽ രോഗികൾ സ്വകാര്യ ക്ലിനിക്കുകളെയാണ് ആശ്രയമാകുന്നത്. സിവിൽ സർജൻ-മൂന്ന്, അസി. സർജൻ-ആറ്, അത്യാഹിത വിഭാഗത്തിൽ-നാല്, ജൂനിയർ ഡോക്ടർമാർ-രണ്ട് എന്നിങ്ങനെ 15 ഡോക്ടർമാരാണ് ഇവിടെ വേണ്ടത്.

ജോലി പുനർനിർണയത്തിന്റെ ഭാഗമായി ഒരാളെ കോഴിക്കോട്ടേക്ക് മാറ്റുകയും മറ്റൊരു ഡോക്ടർ അവധിയിലുമാണ്. ഇവരടക്കം അഞ്ച് ഒഴിവുകളായിരുന്നു മുൻപ് ഉണ്ടായിരുന്നത്. ഇതോടൊപ്പം കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് ഡോക്ടർമാർ കൂടി സ്ഥലംമാറ്റം ലഭിച്ച് പോവുകയും ചെയ്തതോടെ ഒഴിവുകളുടെ എണ്ണം എട്ടായി. ചുരുങ്ങിയത് പത്ത് ഡോക്ടർമാരെങ്കിലും ഇല്ലെങ്കിൽ 24 മണിക്കൂർ സേവനം നൽകുന്നത് പ്രയാസമാകുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. സി.സുകു പറഞ്ഞു.

സിവിൽ സർജൻ-ഒന്ന്, അസി. സർജൻ-മൂന്ന്, അത്യാഹിത വിഭാഗം-രണ്ട്, ജൂനിയർ ഡോക്ടർ-ഒന്ന് എന്നിങ്ങനെ ഒഴിവുള്ള ഏഴ് ഡോക്ടർമാരെ അടിയന്തരമായി നിയമിച്ചാൽ മാത്രമേ ആസ്പത്രിയുടെ പ്രവർത്തനം നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളൂവെന്നും ഒരേസമയം മൂന്നുപേർ ഒരുമിച്ച് സ്ഥലംമാറി പോയതോടെയാണ് ദുരിതം ഇരട്ടിച്ചതെന്നും ഡോക്ടർമാർ പറയുന്നു.

ഇപ്പോൾത്തന്നെ പനിയും വയറിളക്കവും പോലുള്ള അസുഖങ്ങൾക്ക് ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. മഴ ശക്തമാകുന്നതോടെ രോഗികളുടെ എണ്ണം ഇനിയും കൂടും. നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രണ്ടുവർഷം മുൻപത്തേതുപോലെ പോലെ ഡെങ്കി, ചിക്കുൻഗുനിയ പോലുള്ള പകർച്ചപ്പനികളടക്കം വീണ്ടും പടരാൻ തുടങ്ങിയാൽ സ്ഥിതി സങ്കീർണമാകുമെന്നും പറയപ്പെടുന്നു.