രാജപുരം: കള്ളാറിൽ പ്രവർത്തിക്കുന്ന വനം വകുപ്പിന്റെ ദ്രുതകർമസേനാ (ആർ.ആർ.ടി.) യൂണിറ്റ് കാസർകോട് ബോവിക്കാനത്തേക്ക് മാറ്റാൻ നീക്കം. എതിർപ്പുമായി ഭരണകക്ഷിയുടെ പ്രാദേശികഘടകംതന്നെ രംഗത്ത്. വന്യമൃഗശല്യമുള്ള പ്രദേശങ്ങളിൽ അടിയന്തരസഹായം ലഭ്യമാക്കാനും വന്യജീവി അക്രമം തടയാനുമായാണ് വനംവകുപ്പ് അർ.ആർ.ടി.ക്ക് രൂപംനൽകിയിരിക്കുന്നത്.

ജില്ലയിൽ രണ്ടുമാസംമുൻപാണ് വാഹനസൗകര്യമടക്കമുള്ള യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങിയത്. മൂന്ന് ജീവനക്കാർ ഉൾപ്പെടുന്ന ഒരു യൂണിറ്റിനെയാണ് നിയമിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് റേഞ്ചിനുകീഴിൽ കള്ളാറിലുള്ള വനംവകുപ്പ് ക്വാർട്ടേഴ്‌സിലാണ് നിലവിൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. എന്നാൽ ബോവിക്കാനം, മുള്ളേരിയ, പാണ്ടി, ഇരിയണ്ണി, കാനത്തൂർ തുടങ്ങിയ ഭാഗങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമെന്നും യൂണിറ്റ് അനുവദിച്ചത് കാസർകോട്ടേക്കാണെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥതലത്തിൽ ബോവിക്കാനത്തേക്ക് മാറ്റാൻ ശ്രമംനടത്തുന്നത്.

മലയോര പഞ്ചായത്തുകളായ പനത്തടിയിലും യൂണിറ്റ് പ്രവർത്തിക്കുന്ന കള്ളാറിലും കാട്ടാനയും പുലിയുമടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം കള്ളാർ പുഞ്ചക്കരയിൽ പുലിയിറങ്ങിയതായറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയതും സ്ഥിരീകരിച്ചതും ആർ.ആർ.ടി. അംഗങ്ങളായിരുന്നു. തുടർന്ന് കൃത്യമായ പരിശോധനയും നിർദേശങ്ങളും നൽകാൻ ആർ.ആർ.ടി. ഉണ്ടായത് ജനങ്ങളുടെ ഭീതിയകറ്റാൻ ഏറെ സഹായകമായിരുന്നു. കള്ളാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ഇപ്പോഴും പുലിപ്പേടിയിലാണ്.

പനത്തടി സെക്‌ഷൻ ഓഫീസിന് വാഹനമില്ലാത്ത സാഹചര്യത്തിൽ വന്യമൃഗശല്യമുണ്ടായാൽ പലപ്പോഴും സ്ഥലത്തെത്താൻ ഏറെ വൈകിയിരുന്നു. എന്നാൽ, വാഹനസൗകര്യത്തോടെ ആർ.ആർ.ടി. യൂണിറ്റ് കള്ളാറിൽ പ്രവർത്തനംതുടങ്ങിയതോടെ ഇതിനും പരിഹാരമായിരുന്നു. ഇതിനിടെയാണ് യൂണിറ്റിനെ മാറ്റാൻ നീക്കംനടക്കുന്നത്. എന്നാൽ ആർ.ആർ.ടി. യൂണിറ്റ് ബോവിക്കാനത്തേക്ക് മാറ്റുന്നത് ഉചിതമായിരിക്കില്ലെന്ന അഭിപ്രായം ഒരുവിഭാഗം ഉദ്യോഗസ്ഥരും പങ്കുവയ്ക്കുന്നു.

ജില്ലയിൽ ഒറ്റ യൂണിറ്റായതുകൊണ്ടുതന്നെ എവിടെയെങ്കിലും വന്യജീവിശല്യമുണ്ടായാൽ കള്ളാറിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻകഴിയും. ചിറ്റാരിക്കാൽ, കൊന്നക്കാട്, കാസർകോട് തുടങ്ങി ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഇവിടെനിന്ന് സാധിക്കും. ആവശ്യത്തിന് റോഡ് സൗകര്യങ്ങളും ഇവിടെയുണ്ട്.

ഇതൊക്കെ പരിഗണിച്ച് കള്ളാറിൽത്തന്നെ യൂണിറ്റ് നിലനിർത്തണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്തുനന്ന് ഒരുകാരണവശാലും ആർ.ആർ.ടി. യൂണിറ്റിനെ ബോവിക്കാനത്തേക്ക് മാറ്റാൻപാടില്ലെന്ന് സി.പി.ഐ. കള്ളാർ ലോക്കൽ കമ്മിറ്റിയും ആവശ്യപ്പെട്ടു.