രാജപുരം: സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ അനന്തമായി നീളുന്നത് നാടിന്റെ വികസനത്തിന് തടസ്സമാകുന്നതായി മന്ത്രി മാത്യു ടി. തോമസ്. സംസ്ഥാനത്ത് കുടിവെള്ളപദ്ധതികളിലടക്കം സർക്കാരിന്റെ നിർമാണപ്രവൃത്തികളിൽ രൂപകല്പന മുതൽ സ്ഥലം ലഭ്യമാകുന്നതുവരെ തടസ്സപ്പെടുകയാണെന്നും ഉദ്യോഗസ്ഥതലത്തിലും കരാറുകാരന്റെ അനാസ്ഥയിലും തുടങ്ങി വിവിധ കാരണങ്ങളാണ് ഇതിന്‌ പിന്നിലെന്നും മന്ത്രി പറഞ്ഞു. വർഷങ്ങളുടെ കാലതാമസത്തിനുശേഷം യാഥാർഥ്യമായ കോടോം-ബേളൂർ പഞ്ചായത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കൂടുതൽ ഉഭഭോക്താക്കളിലേക്ക് കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും കാസർകോട് നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരംകാണാൻ ബാവിക്കര കുടിവെള്ളപദ്ധതി 18 മാസംകൊണ്ട് പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കോടോം-ബേളൂർ പഞ്ചായത്തിൽ ഉദ്ഘാടനംചെയ്ത കുടിവെള്ള പദ്ധതിയിലൂടെ കൂടുതൽ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നത് പരിശോധിക്കുമെന്നും അദ്ദേഹം നാട്ടുകാർക്ക് ഉറപ്പുനൽകി.

മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. യഥാസമയം പദ്ധതികൾ പൂർത്തിയാക്കാൻ കഴിയാത്തത് സർക്കാരിന് വലിയ ബാധ്യത സൃഷ്ടിക്കുന്നതായും ഏത് പദ്ധതിയും സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജൻ, പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണൻ, വൈസ് പ്രസിഡന്റ് പി.എൽ.ഉഷ, ജില്ലാ പഞ്ചായത്തംഗം ഇ.പദ്‌മാവതി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എ.സി.മാത്യു, കെ.ഭൂപേഷ്, ടി.വി.ഉഷ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ദാമോദരൻ, ടി.ബാബു തുടങ്ങിയവർ സംസാരിച്ചു.