രാജപുരം: പാണത്തൂർ-സുള്ള്യ അന്തസ്സംസ്ഥാന റോഡിന്റെ സമഗ്രവികസനം യാഥാർഥ്യമാക്കാൻ ജനകീയ കർമസമിതി രൂപവത്കരിച്ചു. റോഡ് വികസനത്തിനായി പാണത്തൂർമുതൽ സംസ്ഥാനാതിർത്തിയായ കല്ലപ്പള്ളി ഗഡിവരെ ആവശ്യമായ സ്ഥലം വിട്ടുനൽകാൻ യോഗം തീരുമാനിച്ചു.

ഗഡി മുതൽ സുള്ള്യവരെയുള്ള ഭാഗത്തെ വീതികൂട്ടിയുള്ള നവീകരണം വേഗത്തിലാക്കുന്നതിനുവേണ്ടി മന്ത്രി ഇ.ചന്ദ്രശേഖരൻ, സുള്ള്യ എം.എൽ.എ., സുള്ള്യ നഗരപഞ്ചായത്ത് ചെയർപേഴ്‌സൺ, ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ, ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികൾ, മലനാട് വികസനസമിതി പ്രവർത്തകർ, ഗുണഭോക്താക്കൾ എന്നിവരുടെ യോഗം വിളിച്ചുചേർക്കും.

അന്തസ്സംസ്ഥാന പാതയുടെ ഭാവി വികസനസാധ്യതകൾ മുൻകൂട്ടിക്കണ്ടുള്ള കർമപദ്ധതി തയ്യാറാക്കി കേരള-കർണാടക സർക്കാരുകളിൽനിന്ന്‌ അനുമതി ലഭ്യമാക്കാൻ ആവശ്യമായ സമ്മർദംചെലുത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന അതിർത്തികേന്ദ്രമായ കല്ലപ്പള്ളിയിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനൻ ഉദ്ഘാടനംചെയ്തു.

പഞ്ചായത്തംഗം നളിനാക്ഷി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.തമ്പാൻ, പഞ്ചായത്തംഗം വി.ആർ.ബിജു, ആർ.സൂര്യനാരായണ ഭട്ട്, എം.വി.ഭാസ്കരൻ, കെ.ജെ.ജയിംസ്, മൈക്കിൾ പൂവത്താനി, ബി.അനിൽകുമാർ, ബിനു വർഗീസ്, അരുൺ രംഗത്ത്മല എന്നിവർ സംസാരിച്ചു.