പരപ്പ: കനത്ത മഴയെ തുടർന്ന് മുണ്ടത്തടം കരിങ്കൽ ക്വാറി പ്രദേശത്തുനിന്ന് കൂറ്റൻ കല്ലുകൾ താഴേക്ക് പതിച്ചു. മുണ്ടത്തടം മലയുടെ അടിവാരത്തുള്ള നിരവധി കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്.
ക്വാറിയിൽനിന്ന് വെള്ളം കുത്തിയൊഴുകുന്നതും പ്രദേശവാസികളുടെ ആശങ്ക കൂട്ടി. മാളൂർക്കയത്തെ പുഷ്പ ചന്ദ്രന്റെ കുടംബത്തെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ക്വാറിയിൽ കല്ല് പൊട്ടിക്കാനായി നിരവധി സ്ഫോടനങ്ങൾ നടത്തയിരുന്നു.
പാറക്കൂട്ടവും മണ്ണും ഇളകിനിൽക്കുകയാണ്. അതിനാൽ ഇനിയും അപകടസാധ്യതയുണ്ട്. ക്വാറിക്കെതിരേ സമീപത്തെ കോളനിവാസികൾ നടത്തുന്ന രാപകൽ സമരം 51 ദിവസം പിന്നിട്ടു.
കനത്ത മഴയിൽ ബളാൽ രാജപുരം റോഡിൽ പാൽചുരത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇനിയും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അട്ടക്കണ്ടം കോളിയാർ മാണിയൂർ കോളനിയിലെ രാഘവന്റെ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. മരവും കടപുഴകി വീണതിനാൽ വീട് പൂർണമായി തകർന്നു.