പരപ്പ: മുണ്ടത്തടം കരിങ്കൽ ക്വാറിക്കും ക്രഷറിനുമെതിരേ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ രോഷത്തിനു മുന്നിൽ അധികം താമസിയാതെ ഭരണാധികാരികൾ മുട്ടുമടക്കുമെന്ന് തൃക്കാക്കര എം.എൽ.എ. പി.ടി.തോമസ് പറഞ്ഞു. ക്വാറിക്കെതിരേ സർവകക്ഷി ജനകീയ സമരസമിതി പരപ്പയിൽ നടത്തുന്ന അനശ്ചിതകാല സായാഹ്ന സമരപ്പന്തൽ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരത്തെ പരാജയപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവർ ജാതിയെയും മതത്തെയും ഉപയോഗിക്കുമെന്നും അതിനെതിരേ കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന് മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിച്ചപ്പോൾ പ്രതീകാത്മകമായി തനിക്ക് ശവമഞ്ചം ഒരുക്കിയവർ രണ്ടുപ്രളയങ്ങൾക്കുശേഷം താൻ പറഞ്ഞത് ശരിയായിരുന്നുവെന്ന്‌ സമ്മതിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയർമാൻ ഉമേശൻ വേളൂർ അധ്യക്ഷതവഹിച്ചു. ഡി.സി.സി. സെക്രട്ടറി എം.അസൈനാർ, പ്രമോദ് വർണം, ഐ.എം.ഷെരീഫ്, സി.വി.ഭാവനൻ, അഡ്വ. രാജേന്ദ്രൻ, കെ.പി.ബാലകൃഷ്ണൻ, യു.വി.അബ്ദുൾ റഹ്‌മാൻ, പദ്‌മരാജൻ ഐങ്ങോത്ത്, ബാബു കോഹിനൂർ എന്നിവർ സംസാരിച്ചു. .