കാസർകോട്: കോടതിക്കും പാർലമെന്റിനും മേലെയാണ് പൗരനെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ. പൗരാവകാശങ്ങൾ വകവെച്ചുകൊടുക്കാതാവുമ്പോൾ കോടതിയുടെയും പാർലമെന്റിന്റെയും പ്രസക്തി നഷ്ടമാവുന്നുവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റുഡൻസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ, ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ, സോളിഡാരിറ്റി എന്നിവചേർന്ന് പൗരത്വനിയമത്തിനെതിരേ കാസർകോട്ട് സംഘടിപ്പിച്ച സ്വാതന്ത്ര്യ ചത്വരം (ആസാദി സ്ക്വയർ) ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിന്റെ അജൻഡകൾ പ്രബുദ്ധരെന്ന് കരുതുന്നവർ പോലും ശ്രദ്ധിച്ചില്ല. ഈ സമരങ്ങൾ മുമ്പേ നടക്കേണ്ടിയിരുന്നു. ബാബരിയും നോട്ട് നിരോധനവും കാശ്മീരും അടക്കമുള്ള വിഷയങ്ങൾ കടന്നുപോയിട്ടും നമ്മൾ പൗരത്വനിയമ ഭേദഗതി വരുന്നതുവരെ കാത്തിരിക്കുകയായിരുന്നു. ആർ.എസ്.എസിന് ഇന്ത്യയിൽ യാതൊരു സ്വീകാര്യതയും ഇല്ല. വെറും ന്യൂനപക്ഷമായ അവരുടെ സ്വപ്നങ്ങൾ ഇന്ത്യയിൽ നടപ്പാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരങ്ങൾ എൻ.ആർ.സി.ക്കും സി.എ.എ.ക്കുമെതിരേ മാത്രമല്ലെന്നും ലോകത്ത് നിലനിൽക്കുന്ന എല്ലാ വംശീയ അധീശത്വങ്ങൾക്കും എതിരാണെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാസമിതി അംഗം ആർ.യൂസുഫ് പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് യു.സി.മുഹമ്മദ് സാദിഖ് അധ്യക്ഷതവഹിച്ചു.

ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് സി.വി.ജമീല, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, എസ്.ഐ.ഒ. സംസ്ഥാനസമിതി അംഗം അൻവർ സലാഹുദ്ദീൻ, ജി.ഐ.ഒ. സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ്, ഷാനവാസ് ഖാസിമി കോട്ടയം, അഷ്‌റഫ് ഹുദവി പാടലടുക്ക, ഷഫീഖ് നസറുല്ലാഹ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീർ, യൂത്ത് കോൺഗ്രസ് കാസർകോട് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മവ്വൽ, സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർഥി നേതാക്കളായ ജയിൻസി ജോൺ, ഡേവിസ് ടൈറ്റസ്, ഡോ. ഷഫ്‌ന മൊയ്തു എന്നിവർ സംസാരിച്ചു.