പി.പി.ഇ. കിറ്റിനുള്ളിലെ പറയാത്ത വേദനകൾകാസർകോട്: പേഴ്‌സണൽ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ് (പി.പി.ഇ.) കിറ്റ് അണിഞ്ഞുള്ള ആരോഗ്യ പ്രവർത്തകർ ഇന്ന് സാധാരണ കാഴ്ചയായി മാറിയിരിക്കുകയാണ്. എന്നാൽ, അതണിഞ്ഞുള്ള ജോലിയുടെ ബുദ്ധിമുട്ടിനെക്കുറിച്ചോ അപകടത്തെക്കുറിച്ചോ ആരും ചിന്തിക്കാറില്ല.

ഗ്ലൗസ്, ഗൗൺ, തലയുൾപ്പെടെ മുഴുവൻ ശരീരവും മൂടുന്ന വസ്ത്രം, കാലുറ, മാസ്‌ക്, ഗോഗിൾസ് (കണ്ണട), ശ്വസനോപകരണം എന്നിവയാണ് പി.പി.ഇ. കിറ്റിൽ ഉണ്ടാകുക. ഇപ്പോൾ ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന ഒരു കിറ്റിന് ആയിരം രൂപയാണ് വില.

ഡോക്ടർമാരും നഴ്‌സുമാരും ദിവസം അല്പനേരം മാത്രമാണ് ഒരു കിറ്റ് ഉപയോഗിക്കുന്നത്. എന്നാൽ, കൊറോണ രോഗബാധ സംശയിക്കുന്നതുൾപ്പെടെയുള്ള രോഗികളെ താമസിപ്പിക്കുന്ന ആസ്പത്രികളിലെ അറ്റൻഡർമാർ ചുരുങ്ങിയത് ദിവസം മൂന്ന് മണിക്കൂർ വരെ കിറ്റിനുള്ളിൽ കഴിയേണ്ടിവരുന്നുണ്ട്. ആരും ശ്രദ്ധിക്കാതെയും ആരോടും പരാതി പറയാതെയും ജീവൻ പണയം വെച്ചാണ് അവർ ഈ ജോലി ചെയ്യുന്നത്.

വായു കടക്കാത്ത കിറ്റ് അണിഞ്ഞ് പത്ത് മിനിറ്റ്‌ വെറുതേ നിന്നാൽ പോലും ആരും വിയർത്ത് തളരും. അപ്പോൾ ആസ്പത്രി മുറിയും ശൗചാലയവും ശുദ്ധീകരിക്കുക ഉൾപ്പെടെ ശാരീരികാധ്വാനം ഏറെ വേണ്ടുന്ന ജോലി ചെയ്യുന്ന ഗ്രേഡ്-2 അറ്റൻഡർമാരുടെ അവസ്ഥ ആലോചിച്ചുനോക്കാവുന്നതാണ്. എല്ലാ അറ്റൻഡർമാരെയും കിറ്റ് ധരിച്ചുള്ള ജോലിക്ക് നിയോഗിക്കാറില്ല.

ആരോഗ്യവും പ്രതിരോധ ശേഷിയും പരിശോധിച്ച് ഉറപ്പുവരുത്തിയവരെയാണ് ഇത്തരം പ്രത്യേക ജോലി ഏൽപ്പിക്കുന്നത്. ഫലം, പലപ്പോഴും ആരോഗ്യമുള്ള ഒരാൾ അമിതമായി ജോലി ചെയ്യേണ്ടിവരുന്നതും.

ജില്ലാ ആസ്പത്രിയിൽ അറ്റൻഡർമാരുടെ 34 തസ്തികയാണ് ഉള്ളത്. കാഞ്ഞങ്ങാട് പുതിയകോട്ടയിൽ വർഷങ്ങൾക്ക് മുമ്പ് ജില്ലാ ആസ്പത്രി പ്രവർത്തിച്ചപ്പോൾ നിശ്ചയിച്ച എണ്ണമാണത്. ഇപ്പോൾ ചെമ്മട്ടംവയലിലെ വിശാലമായ കെട്ടിട സമുച്ചയത്തിൽ ആസ്പത്രി തുടങ്ങിയപ്പോഴും അറ്റൻഡർമാരുടെ എണ്ണം കൂട്ടിയില്ല. 34-ൽ 15 പേർ സ്ഥാനക്കയറ്റം ലഭിച്ചും സ്ഥലംമാറിയും പോയി. രണ്ടുപേർ സ്ഥിരാവധിയിലുമാണ്. ബാക്കി 17 പേരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് കൊറോണയ്‌ക്കെതിരെയുള്ള യുദ്ധമുഖത്ത് എല്ലാം മറന്ന് ജോലി ചെയ്യുന്നത്.

പി.പി.ഇ.കിറ്റ് ശരീരത്തിൽ നിന്ന് നീക്കുന്നതും വളരെ ശ്രദ്ധിച്ചു മാത്രമായിരിക്കണം. കൈയുറ ഉൗരുമ്പോൾ പോലും അൽപ്പം പാളിയാൽ കിറ്റ് ഉപയോഗിച്ചതിന്റെ ഗുണം ഇല്ലാതാകും. പി.പി.ഇ.കിറ്റ് ഊരിക്കഴിഞ്ഞാൽ അത് അണിഞ്ഞ ആൾ ആദ്യം കൈകൾ നന്നായി കഴുകി വൃത്തിയാക്കിയിരിക്കണം. ഒരു കിറ്റ് ഒരിക്കൽ മാത്രമാണ് ഉപയോഗിക്കുന്നത്. ശരീരത്തിൽ നിന്ന് നീക്കിക്കഴിഞ്ഞാൽ അത് കത്തിച്ചുകളയുകയാണ്.

കൊറോണയുമായി യുദ്ധം ചെയ്യുന്ന മുതിർന്ന ഡോക്ടർമാരിൽ പലരും ഗ്ലൗസ് പോലും അണിയാൻ ശ്രദ്ധിക്കാറില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അറിയുക, നിങ്ങൾ ഈ നാടിന്റെ സ്വത്താണ്. നിങ്ങൾ യുദ്ധം ചെയ്യുന്നത് ലോകത്തെ വിറപ്പിക്കുന്ന മഹാമാരിയോടാണ്.