പൊയിനാച്ചി : ജീവിതയാത്രയിൽ ദുരിതവഴി താണ്ടിയ ചട്ടഞ്ചാൽ ബെണ്ടിച്ചാൽ മണ്ഡലിപ്പാറയിലെ അംബികയ്ക്ക് തണലൊരുക്കാൻ പെൺമനസ്സുകൾ കൈകോർത്തു. തലചായ്ക്കാനൊരിടം ഒരുങ്ങുകയാണ് രണ്ട് മക്കളുടെ അമ്മയായ ഈ 37-കാരിക്കിപ്പോൾ. ചെമ്മനാട് സി.ഡി.എസിന് കീഴിലുള്ള കുടുംബശ്രീപ്രവർത്തകരാണ് 'സ്നേഹഭവനം' ഒരുക്കി വേറിട്ട മാതൃകയാകുന്നത്.

2006-ൽ തളിപ്പറമ്പിലേക്ക് വിവാഹം കഴിഞ്ഞ അംബികയ്ക്ക്, ഭർത്താവിന് അർബുദം ബാധിച്ചതോടെ ജീവിതം നിറംമങ്ങി.

2016-ൽ ഭർത്താവ് വിടവാങ്ങിയതോടെ പറക്കമുറ്റാത്ത രണ്ട് മക്കളുമായി ഇവർ നാട്ടിലെത്തി. ഇതിനിടയിൽ ഹൃദയവാൾവിന് തകരാർ വന്നു. പക്ഷേ, സുമനസ്സുകൾ അവിടെയും തുണയായി. ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ജോലിക്ക് പോകാൻ പറ്റാത്ത സ്ഥിതി. താമസിച്ചിരുന്ന ക്വാർട്ടേഴ്സ് മുറിയുടെ വാടക കൊടുക്കാൻ പറ്റാതായതോടെ സഹോദരന്റെ വീട്ടിലേക്ക് താമസം മാറ്റി. സ്വന്തമായി റേഷൻ കാർഡില്ലാത്തതിനാൽ ലൈഫ്മിഷൻ പദ്ധതിയിൽ ഉൾപ്പെടാതായി.

ദുരിതത്തിന്റെ നടുക്കടലിൽപ്പെട്ടിട്ടും പദ്ധതികളൊന്നും ആശ്വാസമാകാതെയിരിക്കുമ്പോഴാണ് ഒരുകുടുംബത്തിന് തണലൊരുക്കാൻ തീരുമാനമെടുത്തിരുന്ന സി.ഡി.എസ്., അംബികയുടേതുൾപ്പെടെ 15 അപേക്ഷകൾ പഞ്ചായത്തിൽനിന്ന് സ്വീകരിച്ചത്.

മാനദണ്ഡങ്ങൾ പരിശോധിച്ചപ്പോൾ അംബികയുടെ കുടുംബമാണ് എറ്റവും അർഹതയുള്ളതെന്ന് സമിതി കണ്ടെത്തി.

ഒരാഴ്ച മുൻപ് കുറ്റിയടിച്ച വീടിന് ബുധനാഴ്ച കട്ടിളവെച്ചു. പണി പൂർത്തിയാക്കി നവംബറിൽ വീടിന്റെ താക്കോൽ അംബികയ്ക്ക് കൈമാറുമെന്ന് സി.ഡി.എസ്. ചെയർപേഴ്സൺ മുംതാസ് അബൂബക്കർ, മെമ്പർ സെക്രട്ടറി എം.കെ. പ്രദീഷ് എന്നിവർ പറഞ്ഞു.