പൊയിനാച്ചി: പ്രഭാതനടത്തക്കാർക്കിടയിലൂടെ മണിയടിച്ച് പോകുന്ന സൈക്കിൾ സവാരിക്കാരുടെ എണ്ണം കാസർകോട്ടും ഏറുന്നു. മെട്രോ നഗരങ്ങളിലെ കാഴ്ച പതിയെ തെളിയുകയാണ് ജില്ലയിലെ ഗ്രാമങ്ങളിലും. പതിനായിരം മുതൽ രണ്ടരലക്ഷംരൂപവരെ വിലയുള്ള സൈക്കിളുകളിലാണ് പലരുടെയും സവാരി. പുലർച്ചെ അഞ്ചുമുതൽ തുടങ്ങുന്ന യാത്രകളിൽ മണിക്കൂറുകൾ അറിയാതെ കടന്നുപോകുന്നതാണ് ഇവരുടെ അനുഭവം.

മഹാമാരിപ്പേടിയിൽ ജോലി വീടുകളിൽ കേന്ദ്രീകരിച്ചതോടെ തിരക്കൊഴിഞ്ഞവരാണ് സൈക്കിൾ ചവിട്ടി മുന്നേറുന്നത്. കോവിഡ് നിയന്ത്രണത്തിൽ ജിമ്മുകൾ മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ പകരംവെക്കാൻ മറ്റൊരു വ്യായാമമുറ ഇവർക്കില്ല. പലരും സൈക്കിൾയാത്ര തിരഞ്ഞെടുത്തതോടെ നാലുമാസംകൊണ്ട് നൂറിലേറെപേർ ചേർന്ന് 'ഡെയ്‌ലി റൈഡേഴ്സ്' എന്ന പേരിൽ ഒരു സൈക്കിളിങ് ക്ലബ്ബ് രൂപവത്കരിച്ചിരിക്കുകയാണ് കാസർകോട്ട്.

യാത്രകൾ ലഹരിയാക്കി നിരവധി ഗ്രൂപ്പ് റൈഡുകളും ഇവർ നടത്തികഴിഞ്ഞു. മഞ്ചേശ്വരംമുതൽ പൊയിനാച്ചിവരെയുള്ള സവാരിപ്രിയരെല്ലാം ക്ലബ്ബിൽ അംഗങ്ങളാണ്. 16 വയസ്സുള്ള അബ്ദുൽഖാദർ റയാനും തൻസിഫ് അസ്ലവും മുതൽ 65-കാരനായ കെ.മൊയ്തീൻകുഞ്ഞി ഹാജി വരെയുള്ളവരുടെ ഓരോദിനവും വ്യത്യസ്തമാകുന്നത്‌ ഇപ്പോൾ ഓരോ യാത്രയിലൂടെയാണ്. ചട്ടഞ്ചാൽ നോർത്തിലെ അൻസാരി മീത്തലും മൊഗ്രാലിലെ അഡ്വ. പി.എ.ഫൈസലും ബേർക്കയിലെ ഷറഫും പൊയിനാച്ചിയിലെ കെ.മൊയ്തീൻകുഞ്ഞി ഹാജിയുമാണ് ക്ലബ്ബിനെ നയിക്കുന്നത്. 97 സജീവാംഗങ്ങളെ കൂടാതെ നവാഗതരായ ഒരുകൂട്ടംപേരെ ഉൾപ്പെടുത്തി 'കാസർകോട് റൈഡേഴ്സ്’ എന്നൊരു ജൂനിയർ കൂട്ടായ്മയുമുണ്ട് ഈ ക്ലബ്ബി ന്. നിരീക്ഷണ കാലയളവ് കഴിഞ്ഞാൽ അവരും ഡെയ്‌ലി റൈഡേഴ്സിന്റെ ഭാഗമാകും.

2017-ൽ ജില്ലയിൽ രൂപവത്കരിച്ച കാസർകോട് ഫെഡലേഴ്സ് സൈക്ളിങ് ക്ലബ്ബിൽ അഫിലിയേറ്റ് ചെയ്താണ് ഫെബ്രുവരിയിൽ ഡെയ്‌ലി റൈഡേഴ്സിന്റെ തുടക്കം.

കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഫെഡലേഴ്സ് ക്ലബ്ബിൽ 257 -ൽപരം അംഗങ്ങളുണ്ട്. നീലേശ്വരം, ചെറുവത്തൂർ, കാഞ്ഞങ്ങാട് മേഖലയിലുള്ളവരാണ് അതിൽ കൂടുതലും. 'ഒരു വീട്ടിൽ ഒരു സൈക്കിൾ' എന്നതാണ് ഡെയ്‌ലി റൈഡേഴ്സ് ക്ലബ്ബിന്റെ സന്ദേശം.

വിലയിടുന്ന യാത്രകൾ

:കാൽലക്ഷംരൂപവരെ വിലയുള്ള സൈക്കിളുകൾ കാസർകോട്ട് കിട്ടാനുണ്ട്. മറ്റുള്ളവയ്ക്ക്‌ മംഗളൂരുവിലോ കോഴിക്കോട്ടോ പോകണം. ചെറിയ വിലയുടെ സൈക്കിളുകൾ വാങ്ങുന്നവർ യാത്രകൾ ആസ്വാദ്യമാകുമ്പോൾ പിന്നീട് കൂടിയവിലയുള്ള സൈക്കിളുകളിലേക്ക്‌ ആകർഷിക്കപ്പെടുന്നു.

എങ്കിലും 20,000-30,000 വരെ വിലയുള്ള സൈക്കിളുകൾക്കാണ് ആവശ്യക്കാരേറെ. ഏഴുമുതൽ 27 വരെ സ്പീഡ് കൈകൊണ്ട് ക്രമീകരിക്കുന്ന ഗിയർ മോഡൽ സൈക്കിളുകളാണ് പ്രചാരത്തിലധികവും. 2.8 ലക്ഷം വിലയുള്ള അമേരിക്കൻ ബ്രാൻഡ്, സ്കോട്ട് (സ്വിറ്റ്‌സർലൻഡ്‌ മോഡൽ- വില 40,000 മുതൽ 75,000 വരെ), ഗെയ്ൻറ് (ടായ് വാൻ മോഡൽ-വില 40,000 മുതൽ 75,000 വരെ), ഓർബിയ (സ്പെയിൻ മോഡൽ - വില 50,000 മുതൽ 75,000 വരെ) എന്നിവയാണ് കാസർകോട് ക്ലബ്ബുകളുടെ റൈഡുകൾ വേറിട്ട അനുഭവമാക്കുന്നത്.