പൊയിനാച്ചി: വായനയെ കടലാസിലും കംപ്യൂട്ടറിലും ഒരേസമയം ആസ്വദിക്കുകയും അറിവരങ്ങാക്കുകയും ചെയ്യുകയാണ് ഇവിടെ കുട്ടികൾ. പൂർണമായി ഹൈടെക്കായ ഒരു ഡിജിറ്റൽ ലൈബ്രറി ഒരുങ്ങിയിരിക്കുകയാണ് തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ. ഇവിടത്തെ വിപുലമായ ഗ്രന്ഥശേഖരം മുതൽക്കൂട്ടാവുകയാണ് നൂറുകണക്കിന് ഗ്രാമീണ വിദ്യാർഥികൾക്ക്. പുസ്തകങ്ങളുടെ വിതരണവും വായനയും കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ‘റീഡിങ്‌ അംബാസിഡർ’ എന്ന അക്കാദമിക പദ്ധതികൂടി നടപ്പാക്കിയിരിക്കുകയാണ് സ്കൂളിലിപ്പോൾ. ലൈബ്രറിക്ക് പുതുമുഖം കൈവന്നതോടെ ഗ്രാമത്തെ ഒന്നടങ്കം ലൈബ്രറിയിലേക്ക് അടുപ്പിക്കാൻ പറ്റിയ സന്തോഷത്തിലാണ് സ്കൂൾ അധികൃതരും പി.ടി.എ.യും.

റീഡിങ് അംബാസഡർ പദ്ധതിയും കോഹ ലൈബ്രറിയുമാണ് ഇവിടത്തെ പ്രത്യേകത. ‘അറിവിനായി ഒന്നിക്കാം’ എന്ന സന്ദേശമായി തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് റീഡിങ് അംബാസഡർ. വായനയും അറിവനുഭവങ്ങളുടെ കൊടുക്കൽ വാങ്ങലുകളും സാധ്യമാക്കുന്ന വായനാദൂതന്മാരുടെ കൂട്ടമാണ് റീഡിങ് അംബാസഡർമാർ. പുസ്തകങ്ങൾ വായിച്ചും ചർച്ചചെയ്തും നിരീക്ഷണബുദ്ധിയോടെ കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിച്ചും സ്കൂളിലെ മറ്റു വിദ്യാർഥികളെക്കൂടി വായനയിലേക്ക് അടുപ്പിക്കുക എന്ന ദൗത്യമാണ് റീഡിങ് അംബാസഡർമാർക്ക് നൽകിയിരിക്കുന്നത്. ഒപ്പം സ്കൂളിലെ ലൈബ്രറി പുസ്തകവിതരണത്തിൽ അധ്യാപകരെ സഹായിക്കുകയെന്ന ദൗത്യവും ഇവർ ഏറ്റെടുത്തിരിക്കുകയാണ്.

കേരള എസ്.സി.ഇ.ആർ.ടി.യുടെ സംസ്ഥാനതല മികവ്‌ പദ്ധതികളിൽ ഒന്നായി റീഡിങ് അംബാസഡർ പദ്ധതിയെ തിരഞ്ഞെടുത്തിരിക്കുകയാണ്. സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ അനായാസമായും കാര്യക്ഷമമായും നിർവഹിക്കാനായി തച്ചങ്ങാട് സ്കൂളിലെ ലൈബ്രറി പൂർണമായും ഡിജിറ്റൽ സമ്പ്രദായത്തിലേക്ക് മാറ്റി. ഇതിനായി കോഹ എന്ന ലൈബ്രറി സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചിരിക്കുന്നത്. ലൈബ്രറി പ്രവർത്തനത്തിന് സ്കൂൾ വിദ്യാർഥികൾക്ക് കോഹ ലൈബ്രറി സോഫ്‍റ്റ്‌വെയറിൽ പ്രത്യേക പരിശീലനം നൽകി. പിന്നീട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും റീഡിങ് അംബാസഡർമാരുമാണ് പുസ്തകങ്ങളുടെ ഡാറ്റാ എൻട്രി ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കിയത്. സ്കൂളിലെ മുഴുവൻ പുസ്തകങ്ങളും കുട്ടികളുടേയും അധ്യാപകരുടേയും വിവരങ്ങളും സോഫ്റ്റ്‌വെയറിൽ ചേർത്ത് ഡിജിറ്റൽ ലൈബ്രറി പൂർണമായും പ്രവർത്തനസജ്ജമാക്കുകയായിരുന്നു.

കുട്ടികളുടെയും അധ്യാപകരുടെയും ബാർകോഡ് പതിപ്പിച്ച തിരിച്ചറിയൽ കാർഡിലെ ബാർകോഡിന്റെ സഹായത്തോടെ റീഡുചെയ്താണ് ലൈബ്രറിപ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. പുസ്തകങ്ങൾ വിതരണത്തിനും സ്വീകരണത്തിനുമുള്ള ഡിജിറ്റൽ രജിസ്റ്ററുകൾ ഈ സോഫ്‍റ്റ്‍വെയറിൽ സ്വയം തയ്യാറാകും. കടലാസുരഹിത കാറ്റലോഗും ലൈബ്രറി രജിസ്റ്ററുകളും ഇതിലൂടെ ലക്ഷ്യംവെയ്ക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നിർമിച്ച ഹൈടെക് ക്ലാസ്‌മുറികളിലിരുന്നും ഇന്റർനെറ്റിന്റെ സഹായത്തോടെ പുസ്തകം വായിക്കാനുള്ള സംവിധാനംകൂടി ഈ സോഫ്‍റ്റ്‍വെയറിന്റെ സവിശേഷതയാണ്.

ഭിന്നശേഷിവിദ്യാർഥികൾക്കുള്ള ഓഡിയോ ടെക്‌സ്റ്റുകളും ഇതിലൂടെ തയ്യാറാക്കാൻ പറ്റും. കുട്ടികളുടെ സർഗസൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള സൗകര്യവും കോഹയിൽ ലഭ്യമാണ്. കൂടാതെ ഇന്റർനെറ്റിലും മറ്റു വിശാല സൈറ്റുകളിലും ലഭ്യമായിട്ടുള്ള ആയിരക്കണക്കിന് വ്യത്യസ്ത വിഷയസംബന്ധികളായ വിവരങ്ങളും ക്ലാസ്‌മുറിയിൽ ഇരുന്നുതന്നെ കോഹ സോഫ്‍റ്റ്‍വെയറിലൂടെ കണ്ടെത്താനും സാധിക്കുന്നത് ലൈബ്രറിയുടെ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് ഡിജിറ്റൽ ലോകം തുറന്നുകിട്ടുന്നു.