പൊയിനാച്ചി: ഏറെക്കാലം കൊതിച്ചത് കൈയിൽ കിട്ടിയ സന്തോഷമായിരുന്നു അവർക്ക്. മലബാറിലെ ഏറ്റവും ഉയരമുള്ള പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത ആയംകടവിൽ ഉത്സവപ്രതീതിയായിരുന്നു ഞായറാഴ്ച. സ്വപ്നമായിരുന്ന പാലത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായിവിജയൻ എത്തിയപ്പോൾ നാട് വരവേറ്റത് വനിതകളുടെ ശിങ്കാരിമേളത്തോടെയായിരുന്നു. പാലത്തിൽ സ്ഥാപിച്ചിരുന്ന ശിലാഫലകം അനാവരണം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി ഉദ്ഘാടനവേദിയിൽ കയറിയത്.

വേദിക്ക് 15 മീറ്റർ ദൂരെയാണ് സുരക്ഷാക്രമീകരണം കാരണം കാണികളുടെ ഇരിപ്പിടം വെച്ചിരുന്നത്. പാലത്തിൽ നിറയെ കസേരകൾ വെച്ചായിരുന്നു സദസ്സ് ഒരുക്കിയത്. വേദിയിലേക്ക് അകലം പാലിക്കാൻ ഇവിടെ പോലീസ് വടംകെട്ടി വേർതിരിക്കാൻ നോക്കിയെങ്കിലും മുഖ്യമന്ത്രി എത്തിയപ്പോഴുണ്ടായ തിരക്കിൽ നിയന്ത്രണങ്ങളെല്ലാം പാഴായി.

ഒരു നാട്ടുകാരനെപ്പോലെയാണ് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗം തുടങ്ങിയത്. പ്രദേശത്തിന്റെ പഴയ യാത്രാദുരിതവും വികസനം ഉണ്ടാക്കിയ മാറ്റങ്ങളും നാടിന്റെ പേരുപറഞ്ഞ് അദ്ദേഹം ഓർമിപ്പിച്ചു. പാലം ഉദ്ഘാടനം നിർവഹിച്ച വിവരം പ്രഖ്യാപിച്ചതും പടക്കം പൊട്ടിയതും ഒരുമിച്ചായിരുന്നു.

വിനോദസഞ്ചാരകേന്ദ്രം നിർമിക്കും

മലബാറിലെ വിനോദസഞ്ചാര ഭൂപടത്തിൽ ആയംകടവ് പാലം സ്ഥാനം പിടിക്കാൻ പോകുന്നുവെന്ന് മുഖ്യമന്ത്രി തുടർന്നപ്പോൾ നിർത്താതെ കൈയടിയുണ്ടായി. പുഴയുടെയും പാലത്തിന്റെയും സൗന്ദര്യം ആസ്വദിക്കാൻ ഒരു ടൂറിസ്റ്റ് സെൻറർ കൂടി ഇവിടെ വരുമെന്നും ഇത് നാടിന് ഉണർവാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകിയ സർക്കാരാണ് ഇതെന്ന് അധ്യക്ഷത വഹിച്ച റവന്യൂ-ഭവനനിർമാണ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.

എം.പി. പ്രസംഗിക്കും മുൻപേ മുഖ്യമന്ത്രി പോയി

യോഗത്തിൽ മുഖ്യാതിഥിയായിരുന്ന രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ മുഖ്യമന്ത്രി വേദിയിൽനിന്നിറങ്ങി. ‘ഞാൻ ഇറങ്ങിക്കോട്ടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അങ്ങേയ്ക്ക് തിരക്കാണെങ്കിൽ കുഴപ്പമില്ലെന്ന്’ -ഞാൻ പറഞ്ഞു. ഇങ്ങനെ മുഖവുരയോടെയാണ് ഉണ്ണിത്താൻ പ്രസംഗം തുടങ്ങിയത്. കാസർകോട്ട് മെഡിക്കൽ കോളേജ് വരേണ്ട ആവശ്യകതയെപ്പറ്റി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംസാരിക്കണമെന്ന് ഉണ്ടായിരുന്നുവെന്നും ജില്ലയുടെ മന്ത്രി ഇ.ചന്ദ്രശേഖരൻ ഇവിടെയുണ്ടല്ലോ എന്നും അദ്ദേഹം ആശ്വസിച്ചു.

സുരക്ഷ; നടന്നുവലഞ്ഞ് നാട്ടുകാർ

മുഖ്യമന്ത്രിയുടെ സന്ദർശനം കാരണം പോലീസ് ശക്തമായ സുരക്ഷയൊരുക്കിയപ്പോൾ നാട്ടുകാർ വലഞ്ഞു. പെരിയ ബസാർ-ആയംകടവ് റോഡിൽ വേദിക്ക് 700 മീറ്റർ അകലെ അത്തി തോട്ടടുക്കത്ത് പോലീസ്, വാഹനങ്ങൾ തടഞ്ഞു. പൊരിവെയിലത്ത് നടന്നാണ് നാട്ടുകാർ പിന്നീട് യോഗസ്ഥലത്ത് എത്തിയത്. സദസ്സ് നിറഞ്ഞതിനാൽ പലരും ബുദ്ധിമുട്ടി. ഇവിടെയും വെയിൽ അവരെ അലോസരപ്പെടുത്തിയെങ്കിലും സംഘാടകസമിതി നൽകിയ പായസം മധുരം പകർന്നു.

ആദരിച്ചു

പാലത്തിന്റെ നിർമാണം ഏറ്റെടുത്ത ചട്ടഞ്ചാൽ ‘ജാസ്മിൻ കൺസ്ട്രക്‌ഷൻ കമ്പനി’യെയും പാലം രൂപകല്പന ചെയ്തവരെയും നിർമാണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെയും പാലം നിർമാണത്തിന് സൗജന്യമായി ഭൂമി വിട്ടുനൽകിയവരെയും യോഗത്തിൽ ഉപഹാരം നൽകി ആദരിച്ചു. കെ.കുഞ്ഞിരാമൻ എം.എൽ.എ.ക്ക് പുല്ലൂർ-പെരിയ, ബേഡഡുക്ക പൗരാവലി ഉപഹാരം സമ്മാനിച്ചു.