പൊയിനാച്ചി: അപ്രതീക്ഷിതമായി തുലാവർഷം കനത്തത് നെൽക്കർഷകർക്ക് തിരിച്ചടിയാവുന്നു. കൊയ്യാൻ പാകമായ നെൽക്കതിർ കുതിർന്ന് നശിക്കുകയാണ്. ബുധനാഴ്ച ഉച്ചയോടെയാണ് കനത്തമഴ തുടങ്ങിയത്. രാത്രി തോരാതെ തുടർന്ന മഴ വ്യാഴാഴ്ച പകലും തീവ്രമായിരുന്നു. പ്രധാന നെല്ലുത്പാദനകേന്ദ്രങ്ങളായ പള്ളിക്കര, ചെമ്മനാട് കൃഷിഭവൻ പരിധികളിൽ മഴമൂലം നെൽകൃഷിക്ക് വൻനാശമാണ് ഉണ്ടായിരിക്കുന്നത്. പനയാൽ, അരവത്ത്, മാപ്പിലാങ്ങാട്, പൂച്ചക്കാട്, കീക്കാനം, പാക്കം, പെരുമ്പള കുണ്ട പാടശേഖരങ്ങൾ വെള്ളംമൂടി.

ജനകീയ ഇടപെടലിലൂടെ നെല്ലിന്റെ പ്രതാപം തിരിച്ചെത്തിയ അരവത്ത് വയൽ 200 എക്കർ വരുന്നതാണ്. ഇതിൽ 160 ഏക്കറിൽ ഇപ്രാവശ്യം നെൽക്കൃഷി ഇറക്കിയിരുന്നു. 30 ഏക്കറിലധികം ഇനി കൊയ്യാനുണ്ട്. ബേക്കൽ അഴിമുഖം അടഞ്ഞതാണ് ഈ പാടശേഖരത്തിന് വിനയായത്. പാടത്ത് ഇതുകാരണം വെള്ളം പൊങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കൊയ്തിട്ട കറ്റകൾ ഒലിച്ചുപോയി.

സാഹസപ്പെട്ട് ചില കർഷകർ അവ എടുത്തുമാറ്റുന്നുണ്ടെങ്കിലും പ്രതീക്ഷ കൈവിട്ടിരിക്കുകയാണ്. മാപ്പിലങ്ങാട് വയലിൽ ഉറവ പൊട്ടിയതിനാൽ അഞ്ച് ഹെക്ടറിലെ നെൽക്കൃഷി നശിച്ചു. പള്ളിക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമൻ, കെ.ടി.നാരായണൻ, നാരായണൻ കീക്കാനം എന്നിവരുടെ നെൽ പൂർണമായി വെള്ളത്തിൽ മുങ്ങി. മഴ മാറിയാലും വെള്ളമിറങ്ങാൻ ഇവിടെ ആഴ്ചകളെടുക്കുമെന്നതാണ് സ്ഥിതി.

പളളിക്കര കൃഷിഭവൻ പരിധിയിൽ 25 ഹെക്ടറും വെള്ളത്തിലായെന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. ഒരു ഹെക്ടറിന് 35,000 രൂപയാണ് നഷ്ടം കണക്കാക്കുന്നത്. ചെമ്മനാട് കൃഷിഭവൻ പരിധിയിൽ പെരുമ്പള കുണ്ട, പൊയിനാച്ചി, പറമ്പ് ഭാഗങ്ങളിൽ പാടം വെള്ളത്തിലാണ്.

കുണ്ടയിൽ തോടിന്റെ പാർശ്വഭിത്തി ഇടിഞ്ഞാണ് പാടത്ത് വെള്ളം കയറിയത്. ഈ ഭാഗങ്ങളിൽ പാതി കൊയ്ത്ത് നടത്തിയവരുമുണ്ട്. വൈക്കോൽ ചീഞ്ഞ് വൻനഷ്ടം ഉണ്ടാകാമെന്നതാണ് കർഷകർക്ക് മറ്റൊരു തിരിച്ചടി. മഴ തുടർന്നാൽ വൈക്കോൽ പൂർണമായി ചീഞ്ഞുപോകും. നെല്ല് മുള തുടങ്ങും.