പൊയിനാച്ചി: അതിരുകളില്ലാത്ത ആകാശത്തേക്ക് ആ കരിയിലക്കിളികൾ പറന്നുപോയി. മൂന്നുജീവനുകളുടെ പിറവിക്ക് സാക്ഷ്യംവഹിച്ച നേന്ത്രവാഴക്കുല ജഗദീശൻ മനസ്സില്ലാമനസ്സോടെ വെട്ടിയെടുത്തു.

വീട്ടുവളപ്പിലെ മൂപ്പെത്തിയ നേന്ത്രവാഴക്കുലകളിലൊന്നിൽ കൂടുകൂട്ടി മുട്ടയിട്ട കരിയിലക്കിളിയുടെ ധർമസങ്കടം മനസ്സിലാക്കി വാഴവെട്ടാതെ കൂട്‌ സംരക്ഷിച്ചുനിർത്തുകയായിരുന്നു ഇദ്ദേഹം.

കാറ്റും മഴയും കനത്ത നാളുകളിൽ പ്രകൃതിപോലും അലിവുകാട്ടി ആ ജീവനുകളോട്. കാസർകോട് കളക്ടറേറ്റിൽ അറ്റൻഡറായ കരിച്ചേരി ശാസ്താംകോട്ടെ വി.ജഗദീശന്റെ നന്മയെപ്പറ്റി ഓഗസ്റ്റ് 31-ന് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ജഗദീശന്റെ അയൽവീട്ടുകാർപോലും പക്ഷിക്കാര്യം വാർത്തയിലൂടെയാണറിഞ്ഞത്. ഇതോടെ നാട്ടുകാർ കഥയിലെ പൊരുളറിയാൻ ജഗദീശന്റെ വീട്ടിലെത്തിത്തുടങ്ങി. നവമാധ്യമങ്ങളിൽ ലൈക്കും കമൻറും പ്രവഹിച്ചു.

കഴിഞ്ഞദിവസമാണ് കിളികൾ ഒരുമിച്ച്‌ കൂടുവിട്ടത്. ഒരുദിവസം പിന്നെയും കാത്തുനിന്നു ജഗദീശൻ, ഇവ തിരിച്ചുവരുമോയെന്നറിയാൻ. പിന്നെ, ആ വാഴക്കുല വെട്ടിയെടുക്കുകയായിരുന്നു.