പൊയിനാച്ചി: അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്‌വസ്തുക്കൾകൊണ്ട് മനോഹരമായ ശില്പങ്ങൾ രൂപപ്പെടുത്തി അവധിക്കാല പ്രവൃത്തിപരിചയ പരിശീലനക്യാമ്പ്. ‘വേനലവധിയിലെ വെയിൽത്തുടിപ്പുകൾ’ എന്ന പേരിൽ കുട്ടികൾക്കായി ബാര ഗവ. ഹൈസ്കൂളിൽ നടന്ന ക്യാമ്പാണ് ശ്രദ്ധേയമായത്. ശില്പിയും ചിത്രകാരനുമായ സുരേന്ദ്രൻ കൂക്കാനവും ബേക്കൽ ബി.ആർ.സി.യിലെ പ്രവൃത്തിപരിചയ അധ്യാപിക എം.കെ.ഷീനയും ചേർന്നാണ് പരിശീലനം നടത്തിയത്.

ഭൂമിയിൽ പാഴ്‌വസ്തുക്കൾ എന്നൊന്നില്ലെന്നും ഏറ്റവുംകൂടുതൽ മലിനീകരണമുണ്ടാക്കുന്ന പ്ലാസ്റ്റിക്‌പോലും പ്രയോജനപ്പെടുത്താനാകുമെന്നും സുരേന്ദ്രൻ കൂക്കാനം ശില്പമൊരുക്കി വ്യക്തമാക്കി. കുട്ടികൾ ശേഖരിച്ച വളപ്പൊട്ടുകൾ, മാലമുത്തുകൾ, പേനകൾ, പെയിൻറ് പാട്ടകൾ, ഐസ്‌ക്രീം ബോളുകൾ എന്നിവ ഉപയോഗിച്ച് നിർമിച്ച തെയ്യമായിരുന്നു ഇങ്ങനെ പ്രദർശിപ്പിച്ചത്.

അടയ്ക്കാത്തോട്, മുട്ടത്തോട്, ചിരട്ട, കടലാസ് എന്നിവ ഉപയോഗിച്ചുണ്ടാക്കാവുന്ന വസ്തുക്കൾ എം.കെ.ഷീന പരിചയപ്പെടുത്തി. ഭാഷാപഠനം അഭിനയശേഷിയിലൂടെ സാധ്യമാക്കാം എന്ന നാടക ക്യാമ്പും നടത്തി. അനീഷ് ചെറുപഴശ്ശി, സുജിത് വെള്ളുവയൽ, ഉനൈസ് എന്നിവർ കുട്ടികൾക്ക് പരിശീലനം നൽകി. അക്കാദമിക് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രഥമാധ്യാപകൻ പി.ആർ.പ്രദീപ്, എം.ഉണ്ണിക്കൃഷ്ണൻ, കെ.ടി.ബാബു എന്നിവർ നേതൃത്വംനൽകി.