പുല്ലൂർ: നാടിന് ആവേശംപകർന്ന്‌ വനിതാ വടംവലിമത്സരം. കൊടവലം സംഗമം ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഉത്തരമേഖലാ ഫ്ലഡ് ലൈറ്റ് വടംവലി മത്സരത്തിലാണ് പുരുഷൻമാർക്കൊപ്പംതന്നെ വനിതകളും മാറ്റുരച്ചത്. സാധാരണ രാത്രികാല മത്സരങ്ങളിൽ വനിതകളുടെ വടംവലി ഉൾപ്പെടുത്താറുണ്ടായിരുന്നില്ല. എന്നാൽ കൊടവലത്ത് നടത്തിയ മത്സരത്തിൽ പങ്കെടുക്കാൻ ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നുമായി വനിതകളുടെ പ്രത്യേക ടീമുകൾ എത്തിയിരുന്നു. കുടുംബശ്രീതലങ്ങളിൽ നടന്ന മത്സരങ്ങളിൽനിന്ന്‌ രൂപപ്പെട്ട വനിതകൾ ചേർന്നാണ് ഓരോ പ്രദേശത്തും പ്രാദേശിക വനിതാ വടംവലിടീമുകൾ രൂപപ്പെടുത്തിയിട്ടുള്ളത്.

440 കിലോ വിഭാഗത്തിൽ ഏഴുപേരടങ്ങുന്ന സംഘങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്ക് 7500 രൂപ 5000 രൂപ വീതമായിരുന്നു സമ്മാനത്തുക നിശ്ചയിച്ചിരുന്നത്. പടാങ്കോട്ടുവയലിൽ നടന്ന വാശിയേറിയ വനിതാ വടംവലിമത്സരത്തിൽ രഞ്ജിനി കളിങ്ങോത്ത് ഒന്നാംസ്ഥാനവും മനോജ് നഗർ കീക്കാനം രണ്ടാംസ്ഥാനവും സിങ്ങിങ്ങ് ഫ്രണ്ട്സ് അരവത്ത്, കൊടവലം സംഗമം വനിതാ ടീം മൂന്നും നാലും സ്ഥാനങ്ങളും നേടി. പുരുഷവിഭാഗം വടംവലി മത്സരത്തിൽ ’ഞങ്ങൾ കൊടവലക്കാർ’ വാട്സാപ്പ് കൂട്ടായ്മ ജേതാക്കളായി. സ്പാർക്ക് ബന്തടുക്ക രണ്ടാംസ്ഥാനവും നേടി. റെഡ്സ്റ്റാർ മുക്കൂട്, ഭഗത് സിങ്‌ പടാങ്കോട്ട് മൂന്നും നാലും സ്ഥാനങ്ങൾ നേടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി മത്സരങ്ങൾ ഉദ്ഘാടനംചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഗിരീഷ് പടാങ്കോട്ട് അധ്യക്ഷതവഹിച്ചു. വി.വി.കേളു, പി.നാരായണൻ, കെ.മാധവി, പ്രമീള, എം.ശ്രീധരൻ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് അംഗം സി.കൃഷ്ണകുമാർ സമ്മാനവിതരണം നടത്തി.

Content Highlights: pollur women tug of war