നീലേശ്വരം : കാണാതായ യുവാവിനെ തിരഞ്ഞിറങ്ങിയ പോലീസിന് തുണയായത് 'ടൈസന്റെ' അസാമാന്യ ഘ്രാണശക്തി. നീലേശ്വരം മന്ദംപുറത്തെ പി. ഷിബുവിന്റെ (36) മൃതദേഹമാണ് പുതുക്കൈ ചൂട്ട്വത്തെ വാടകവീടിന് അരക്കിലോമീറ്റർ അകലെയുള്ള പൊട്ടക്കിണറ്റിൽനിന്ന്‌ ടൈസൺ എന്ന പോലീസ് നായ കണ്ടെത്തിയത്. പുതുക്കൈ ചേടിറോഡിലെ മാതാ വെൽഡിങ് ഷോപ്പ് പാർട്ട്‌ണറായ ഷിബു തിങ്കളാഴ്ച രാത്രി എട്ടിന് പണികഴിഞ്ഞ്‌ വീട്ടിലെത്തിയതിനുശേഷമാണ് കാണാതാവുന്നത്. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസിൽ ബന്ധുക്കൾ പരാതി നൽകി.

നാട്ടുകാർ സമീപപ്രദേശത്ത് തിരച്ചിൽ നടത്തിയിട്ടും ഷിബുവിനെ കണ്ടെത്താനായിരുന്നില്ല. പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സേവനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ട്രെയ്‌നർമാരായ പി. ശ്രീജിത്ത് കുമാറിന്റെയും പി. രജിത്തിന്റെയുമൊപ്പം ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ടൈസൺ സ്ഥലത്തെത്തിയത്‌. തുടർന്ന് ഷിബുവിന്റെ വീട്ടിലുണ്ടായിരുന്ന വസ്ത്രത്തിന്റെ മണംപിടിച്ച് ടൈസൺ മുന്നോട്ട് കുതിക്കുകയായിരുന്നു. ആദ്യം വാടകവീട്ടിൽനിന്ന്‌ നൂറുമീറ്ററോളം ഇടവഴിയിലൂടെ സഞ്ചരിച്ച് റോഡിലെത്തി. അവിടെനിന്ന്‌ 300 മീറ്റർ കിഴക്കുഭാഗത്തേക്ക് സഞ്ചരിച്ച് റോഡ് മുറിച്ചുകടന്നു.

തുടർന്ന് കുറ്റിക്കാടുള്ള ഭാഗത്തുകൂടി നൂറുമീറ്ററോളം സഞ്ചരിച്ചു. രാത്രി ഏഴോടെ നിർമാണത്തിലിരിക്കുന്ന വീടിന്റെ സമീപത്തെ പൊട്ടക്കിണറ്റിനടുത്തെത്തി. ഒപ്പം എത്തിയ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ ഷിബുവിന്റെ മൃതദേഹം കണ്ടെത്തിയത്. ബെൽജിയം മലനോയിസ് ഇനത്തിൽപ്പെട്ട ടൈസൺ ഒരുവർഷമേയായുള്ളൂ കാസർകോട് പോലീസിന്റെ ഭാഗമായിട്ട്.