പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ എൻ.എസ്.എസ്. സെൽ വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ മഹാശുചീകരണ യജ്ഞത്തിൽ പങ്കെടുക്കുന്നതിന് പുറപ്പെട്ടു. സർവകലാശാലയുടെ തേജസ്വിനി ഹിൽസ് കാംബസിൽ വൈസ് ചാൻസലർ ഡോ. ജി.ഗോപകുമാർ യാത്രയപ്പുനൽകി.

കേരള സർക്കാരിന്റെ വീ ഫോർ വയനാട് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ എൻ.എസ്.എസ്. സെല്ലുകളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് മഹാശുചീകരണ യജ്ഞം വയനാട്ടിൽ സംഘടിപ്പിക്കുന്നത്. കേരള കേന്ദ്ര സർവകലാശാലയിലെ എൻ.എസ്.എസ്. സെൽ വയനാട്ടിലെ പ്രളയബാധിതർക്ക് വിവിധ ദുരിതാശ്വാസ സാമഗ്രികളും വിതരണംചെയ്യും.

സർവകലാശാലയിലെ നൂറോളം എൻ.എസ്.എസ്. വൊളന്റിയർമാർ ശുചീകരണയജ്ഞത്തിൽ പങ്കെടുക്കുന്നുണ്ട്. എൻ.എസ്.എസ്. കോ ഓർഡിനേറ്റർ ഡോ. ഇഫ്തിഖർ അഹമ്മദ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. പി.പ്രതീഷ് എന്നിവർ നേതൃത്വംനൽകും.