പെരിയ: കല്ല് കൊത്തിയെടുത്ത പണകൾ മാലിന്യക്കൊട്ടകളും വെള്ളം കെട്ടിനിന്ന്‌ ജീവന്‌ ഭീഷണിയുമായി മാറലാണ്‌ പതിവ്. പെരിയയിലും സമീപപ്രദേശങ്ങളിലും അത്തരം പണകൾ ധാരാളമുണ്ട്. എന്നാൽ പെരിയ പുക്കളത്തെ ചെങ്കൽപ്പണയെ വിളവിന്റെ പത്തായമാക്കി മാറ്റിയിരിക്കുകയാണ്‌ പനയാൽ സ്വദേശി ഗോപാലകൃഷ്ണൻ.

നാലേക്കർ പണയിൽ തെങ്ങും കവുങ്ങും വാഴയും കുരുമുളകും കൃഷി ചെയ്യുന്നുണ്ട്‌. തീറ്റപ്പുല്ല് കൃഷിചെയ്ത്‌ പശുക്കളെ വളർത്തി ദിവസം 80 ലിറ്റർ പാൽ കറക്കുന്നുണ്ട്‌. ആസാംവാള, ഗിഫ്റ്റ് തിലോപ്പിയ തുടങ്ങിയ ഇനങ്ങളിലെ 4000 മീനുകൾ വളരുന്ന മീൻകുളവും പണയിലുണ്ട്‌.

20 വർഷത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിൽ ചെങ്കൽപ്പണകൾ പാട്ടത്തിനെടുത്ത് നടത്തിയിരുന്നു ഗോപാലകൃഷ്ണൻ. അങ്ങനെ 2008-ൽ പെരിയ പുക്കളത്തെ പണ സ്വന്തമായി വാങ്ങി. കല്ല് ചെത്തിയെടുത്തതിനുശേഷം അവിടെനിന്ന് ലഭിച്ച മണ്ണുപയോഗിച്ച് 2011-ൽ കൃഷിക്ക് നിലമൊരുക്കി. ഒൻപത് വർഷങ്ങൾക്കിപ്പുറം 240 തെങ്ങ്, 140 കവുങ്ങ്, 100 വാഴ, 50 മഹാഗണി, 30 ഒട്ടുമാവ്, 10 പ്ലാവ് എന്നിവയുൾക്കൊള്ളുന്ന വലിയ കൃഷിയിടമായി കഴിഞ്ഞിരിക്കുന്നു പണ. കൃഷിക്കാവശ്യമായ വളത്തിനായി ജഴ്‌സി, എച്ച്.എഫ്. ഇനങ്ങളിലെ എട്ട് പശുക്കളെ ആരംഭത്തിൽത്തന്നെ വളർത്താൻ തുടങ്ങിയിരുന്നു.

മുഴുവൻസമയ കർഷകനായ ഗോപാലകൃഷ്ണന് ഭാര്യ പ്രേമയും മക്കളായ രേഷ്മയും ഗോപികയും പുല്ലൂർ-പെരിയ കൃഷിഭവനും മുഴുവൻ പിന്തുണയും നൽകുന്നുണ്ട്. ശശി, ശാരദ എന്നീ സഹായികളും കൃഷിയിടത്തിലുണ്ട്.

നല്ല വിളവാണ് കിട്ടുന്നത്

കല്ലിന്റെ വിൽപ്പന കുറഞ്ഞതോടെയാണ് ഈ രംഗത്തേക്ക് മാറിയത്. ചെങ്കൽപ്പണയിലെ കൃഷി നല്ല വിളവാണ് നൽകുന്നത്. ഇതേ മാതൃകയിൽ ബട്ടത്തൂരിലുള്ള ചെങ്കൽപ്പണയിലും കൃഷി ആരംഭിച്ചു. 160 ഓളം തെങ്ങുകൾ ഇതിനോടകം അവിടെ നട്ടു.