പടുപ്പ്: ശങ്കരമ്പാടി കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ മേൽക്കൂര നവീകരിച്ചത് ശരിയായരീതിയിലല്ലെന്ന് പരാതി. വർഷങ്ങളായി കോൺക്രീറ്റ് മേൽക്കൂര ചോർന്നൊലിക്കുന്നതിനാൽ മഴക്കാലത്ത് കെട്ടിടത്തിനകത്ത് വെള്ളംനിറയുന്നു. ചുവരുകളിലെല്ലാം നനവുപടർന്നു. മരുന്ന് സൂക്ഷിക്കാൻപറ്റാത്ത സ്ഥിതിയാണുള്ളത്.

ഇതിന് പരിഹാരമായി കുറ്റിക്കോൽ പഞ്ചായത്ത് രണ്ടാഴ്ചമുൻപാണ് മേൽക്കൂരയ്ക്കുമുകളിൽ ടിൻഷീറ്റ് മേഞ്ഞത്. എന്നാൽ, ചോർച്ച കൂടുതലുള്ള അടുക്കളയിലെ ചിമ്മിനിയുടെമുകളിൽ ഷീറ്റ് മേഞ്ഞതുമില്ല. അതിനാൽ ഇതുവഴിയുള്ള ചോർച്ച പരിഹരിക്കാനുമായില്ല.

ചിമ്മിനിമേൽക്കൂരയുടെ കോൺക്രീറ്റ് ഇളകിവീണുതുടങ്ങി. തുരുമ്പിച്ച കമ്പികൾ വെളിയിൽ കാണാം. ഏതുനിമിഷവും പൂർണമായും തകർന്നുവീഴാവുന്ന തരത്തിലാണിത്. ചിമ്മിനിമേൽക്കൂരയ്ക്കുമുകളിൽ പ്ലാസ്റ്റിക് ജലസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകൾക്ക് പ്രയോജനപ്പെടുന്നതിനാണ് കാവുങ്കാൽ-പടുപ്പ് റോഡരികിലായി കുടുംബക്ഷേമ ഉപകേന്ദ്രം സ്ഥാപിച്ചത്.

മുൻകാലങ്ങളിൽ ആരോഗ്യപ്രവർത്തകർ ഇവിടെ താമസിക്കുന്നുണ്ടായിരുന്നതിനാൽ രാത്രികാല സേവനവുമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ആഴ്ചയിൽ ഒരുദിവസം പകൽമാത്രമാണ് സേവനം. കെട്ടിടം സംരക്ഷിക്കുന്നതിനായി ചിമ്മിനിക്കും ടിൻഷീറ്റിടുന്നതിന് ഉടൻ നടപടിവേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പദ്ധതിയിൽ ഉൾപ്പെടുത്തി ശരിയാക്കും

ചോർച്ച രൂക്ഷമായതിനാൽ താത്കാലിക സംരക്ഷണമെന്നനിലയിലാണ് കുറഞ്ഞചെലവിൽ ഇപ്പോൾ ടിൻഷീറ്റ് മേഞ്ഞത്. അതിനാൽ ചിമ്മിനി ഉൾപ്പെടുത്താനായില്ല. അടുത്ത വാർഷികപദ്ധതിയിൽ തുക വകയിരുത്തി കൂടുതൽ മെച്ചപ്പെട്ടരീതിയിൽ കുടുംബക്ഷേമ ഉപകേന്ദ്രം നവീകരിക്കും.

-പി.ജെ.ലിസി തോമസ്, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ്