കാരാട്ടുവയലിലെ നെൽക്കൃഷി
കാഞ്ഞങ്ങാട്: ടൈയും കോട്ടും അഴിച്ചു വച്ച് ഒരു കൈയ്യിൽ ഞാറ്റടികളുമായി അവർ ഒരുമിച്ച് നെൽപ്പാടത്തിറങ്ങി.കണ്ടത്തിലെ ചെളിയിൽ കാലുറപ്പിച്ച് ഞാറുകൾ നട്ടു.
ഡോക്ടറും എൻജിനിയറും അധ്യാപകരും ബിസിനസുകാരുമൊക്കെയാണിവർ. . നാട്ടിപ്പാട്ടിന്റെ ഈരടികൾ ചൊല്ലിയും ഓർമകൾ പങ്കിട്ടും 25-ലധികം 'പ്രൊഫഷണ'ലുകൾ. പിറകോട്ട് ചുവടുവച്ച് ഞാറ്റടികൾ ഒന്നൊന്നായി വെച്ചുപിടിപ്പിച്ച് തരിശുപാടത്തെയാകെ അവർ പച്ചപുതപ്പിച്ചു. പാടത്തെ പണിയിൽ അനുഭവമുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു. എങ്കിലും ഭൂരിപക്ഷം പേരും നാട്ടിപ്പണിക്കിറങ്ങിയത് ഇതാദ്യം. കാഞ്ഞങ്ങാടിനടുത്തെ കാരാട്ടു വയലിലാണ് ഉദ്യോഗസ്ഥരും ബിസിനസുകാരും കർഷകരായത്.
പുതു തലമുറ കൃഷിയെ അകറ്റി നിർത്തുമ്പോൾ, ഇത്തരം മാതൃകാപദ്ധതികൾ അനിവാര്യമാകുന്നുവെന്ന് ഇവർ പറഞ്ഞു.കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് പ്രവർത്തകർ കൂടിയാണിവർ.ലയൺസ് പ്രവർത്തകർ സാമൂഹ്യ സേവനങ്ങൾ ഒട്ടേറെ നടത്താറുണ്ട്. എന്നാൽ ഒരു ക്ലബ് ഇത്തരമൊരു തീരുമാനമെടുക്കുന്നതും നടപ്പിലാക്കുന്നതും ഇതാദ്യം.
മുൻ പൊതുമരാമത്ത് എൻജിനിയർ സി.കുഞ്ഞിരാമൻ നായർ, മുൻ കോർപ്പറേഷൻ ബാങ്ക് ചീഫ് മാനേജർ കെ.ബാലകൃഷ്ണൻ നായർ, കരാറുകാരൻ എം.ശ്രീകണ്ഠൻ നായർ, ഇ.എൻ.ടി. ഡോക്ടറായ എം.കെ.ജോസ്, നെഹ്രു കോളേജ് മുൻ സാമ്പത്തികശാസ്ത്ര വകുപ്പ് മേധാവി ഡോ. എ.സി.കുഞ്ഞിക്കണ്ണൻ, കാനറ ബാങ്കുദ്യോഗസ്ഥൻ ബി.കൃഷ്ണൻ, പൊതുമരാമത്ത് ഉദ്യോഗസ്ഥൻ കെ.വിജയൻ, ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥൻ, കണ്ണൻ പാർഥസാരഥി, എൽ.ഐ.സി. ഏജന്റ് പി.വി.രാജേഷ്, എസ്.ബി.ഐ. ലൈഫ് ഇൻഷുറൻസ് മാനേജർ പി.വി.ജയകൃഷ്ണൻ നായർ, ടാക്സ് പ്രാക്ടീഷണർമാരായ കെ.വി.സുരേഷ്ബാബു, എച്ച്.വി.നവീൻകുമാർ, ശ്യാംപ്രസാദ്, നിർമിതികേന്ദ്രം എൻജിനിയർ വി.സജിത്ത്, ബിസിനസുകാരായ പ്രദീപ് കീനേരി, പി.വിശ്വനാഥൻ, ഫിസിയോ തെറാപ്പിസ്റ്റ് സതീഷ് കെ.തോമസ്, വീട്ടമ്മ ലതാ കുഞ്ഞിരാമൻ, വിദ്യാർഥിനി ദിയ തുടങ്ങിയവരാണ് പാടത്തിറങ്ങിയത്.
കാരാട്ടുവയലിലെ അഞ്ചേക്കറിലാണ് നെൽക്കൃഷി ചെയ്യുന്നത്. പ്രസിഡന്റ് സി.കുഞ്ഞിരാമൻ നായരുടെ ആശയത്തെ പിന്തുണച്ച് ക്ലബ് പ്രവർത്തകരെല്ലാവരും വയലിലേക്കിറങ്ങുകയായിരുന്നു.ഒരു ദിവസത്തെ കൃഷിപ്പണിയല്ല ഇതെന്നും വിളവെടുപ്പ് വരെ ഈ വയലിൽ സജീവമായി പണിയെടുക്കുമെന്നും ഇവർ പറഞ്ഞു.
Content Highlights: paddy cultivation by lions club kanhangad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..