പടന്ന: ഉടമസ്ഥനെത്തേടി തെരുവിൽ അലയുകയായിരുന്ന നായയ്ക്ക് ഒടുവിൽ രക്ഷകനെ കിട്ടി. പടന്ന ഗണേഷ് മുക്കിൽ ഉടമസ്ഥനെ തേടിയലഞ്ഞ വളർത്തുനായ എടച്ചാക്കൈയിലെ സജിയുടെ സ്നേഹപരിലാളനയിൽ അല്ലലില്ലാതെ കഴിയുന്നു. മൂന്നാഴ്ചകൊണ്ട് സജിയുടെ സ്നേഹപരിലാളനയിൽ സജിയുടെ ‘ലക്കി’ പേരുപോലെ സന്തോഷവാനും ആരോഗ്യവാനുമാണ്. വീട്ടുകാരുമായി നന്നായി ഇണങ്ങി.

ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ ഉടമസ്ഥനെത്തേടി അലയുന്ന വാർത്ത ജൂലായ് നാലിന് മാതൃഭൂമിയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. പടന്ന ഗണേഷ് മുക്കിൽ ബിസ്മില്ല ഹാർഡ്‌വെയർ ഷോപ്പിന്റെ മുന്നിൽക്കണ്ട നായ തുടക്കത്തിൽ ആഹാരം കഴിക്കാൻപോലും കൂട്ടാക്കിയിരുന്നില്ല. പടന്ന ഗ്രാമപ്പഞ്ചായത്തംഗം ടി.പി.മുത്തലിബിന്റെ നേതൃത്വത്തിൽ പടന്ന വെറ്ററിനറി ഡിസ്പെൻസറിയിലെ അസി. ഫീൽഡ് ഓഫീസർ ടി.എം.സി. ഇബ്രാഹിം ബിസ്കറ്റും വെള്ളവും നൽകി.

വാർത്തയെത്തുടർന്ന് അതിരാവിലെ നായയെ കാണാനെത്തിയ സജി നായയെ കൊണ്ടുപോവുകയായിരുന്നു. നായയെ കൊണ്ടുപോയ ആളെ അറിയാത്തതിനാൽ ആരാണ് നായെ കൊണ്ടുപോയതെന്നറിയില്ലായിരുന്നു. പിലിക്കോട് ഭാഗത്തുള്ള ആൾ എന്ന്‌ മാത്രമായിരുന്നു ഏക വിവരം. പിന്നീട് അസി. ഫീൽഡ് ഓഫീസർ ടി.എം.സി. ഇബ്രാഹിം നടത്തിയ അന്വേഷണത്തിലാണ് നായയെയും പുതിയ യജമാനനെയും ശനിയാഴ്ച കണ്ടെത്തിയത്.

പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ വീട്ടിലായിരുന്നു കുറച്ചുദിവസങ്ങൾ. പിന്നീട് എടച്ചാക്കൈയിലെ സോഫ സെന്ററിലേക്ക് കൊണ്ടുവന്നു. ഇവിടെ ഒരംഗത്തെ പോലെയായി ലക്കി ഇണങ്ങിച്ചേർന്നു. കടയോടുചേർന്ന് ലക്കിക്ക് കൂടും ഉണ്ടാക്കി.

പത്രവാർത്തയെത്തുടർന്ന് നിരവധിപേരാണ് നായയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് മൃഗാസ്പത്രിയിൽ എത്തിയത്. പക്ഷെ, ഉടമസ്ഥൻമാത്രം ഇതുവരെയെത്തിയില്ല.