കാസർകോട്: വരൾച്ചയും രോഗങ്ങളും കൊണ്ട് ക്ഷീണിച്ച കവുങ്ങുകർഷകരെ സഹായിക്കാൻ കൃഷിവകുപ്പ് പാക്കേജ് തയ്യാറാക്കുന്നു. ഇതിന്റെ നിർദേശം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ വകുപ്പുതലത്തിൽ കൈമാറി. രണ്ടുകോടി രൂപയുടെതാണ് പാക്കേജ്.
രോഗം ബാധിച്ചവ മുറിച്ചുകളയുക, പുതിയ തൈനടൽ, മരുന്നടി, മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കൽ, ജലസേചനം, സഹായധനം എന്നിങ്ങനെ കർഷകരെ സഹായിക്കാനുള്ള നിർദേശമാണ് സമർപ്പിച്ചിട്ടുള്ളത്. 28 ലക്ഷം രൂപയ്ക്ക് പുതിയ തൈനടൽ, തൈ ഒന്നിന് 300 രൂപ നിരക്കിൽ 6.75 ലക്ഷ രൂപ ചെലവിൽ തൈ മുറിച്ചുമാറ്റൽ, ഹെക്ടറിന് 10,000 രൂപ നിരക്കിൽ കർഷകർക്ക് സഹായധനം എന്നിങ്ങനെയാണ് നിർദേശത്തിലുള്ളത്. പദ്ധതി നടപ്പാക്കുന്നതോടെ നഷ്ടം സംഭവിച്ച 8437 ഹെക്ടറിലെ കൃഷിക്ക് താത്ലികാശ്വാസമുണ്ടാകുമെന്നാണ് കൃഷിവകുപ്പ് പ്രതീക്ഷിക്കുന്നത്.
സർക്കാരിന് സമർപ്പിച്ച നിർദേശങ്ങളിൽ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ കൃഷി ഓഫീസർ സമർപ്പിച്ച നിർദേശങ്ങളിൽ രോഗം ബാധിച്ചവ മുറിച്ചുകളയുക, പുതിയ തൈനടൽ, മരുന്നടി എന്നിവയ്ക്ക് അംഗീകാരം ലഭിക്കാനാണ് സാധ്യത. എന്നാൽ, തൈകൾ മുറിച്ചുകളയൽ ഒഴികെ മറ്റുള്ളവ ഈ കാലവസ്ഥയിൽ പ്രായോഗികമല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മേയ്-ജൂൺ, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് മഹാളി സ്പ്രേ അടിക്കുന്നത്. തൈനടൽ ആരംഭിക്കുന്നത് മഴക്കാലത്തും. ഇവയ്ക്കനുവദിച്ച മറ്റു പ്രവൃത്തികൾക്ക് മാറ്റാൻ സാധിക്കാത്തതിനാൽ പാക്കേജ് അംഗീകരിച്ചാലും പെട്ടെന്ന് കർഷകർക്ക് പ്രയോജനപ്പെടില്ല.
Content Highlights: Package of two crores to help farmers, farmers helping project, Kasaragod farmers