കാസർകോട് : പൊതുമരാമത്ത് പാതകൾ പണിയുന്ന കരാറുകാരുടെ പേരു വിവരവും ഫോൺനമ്പറും പാതയോരത്ത് പ്രദർശിപ്പിക്കുമെന്ന പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കാസർകോട്ടെ കാരാറുകാർ.

കേരള ഗവ. കോൺട്രാക്ടേഴ്‌സ് യൂത്ത് വിങ് ഏകോപനസമിതി ജില്ലാ കമ്മിറ്റിയാണ് തങ്ങളുടെ പ്രശ്നങ്ങളടങ്ങിയ ഫ്ളക്സ് ട്രോൾരൂപത്തിൽ പൊതുമരാമത്ത് ജില്ലാ ഓഫീസിന് മുന്നിൽ പ്രദർശിപ്പിച്ചത്.

കയ്യൂർ-ചെമ്പ്രകാനം-പാലക്കുന്ന് റോഡിന്റെ ഉദ്ഘാടനത്തിനായി മന്ത്രി തിങ്കളാഴ്ച ജില്ലയിൽ എത്താനിരിക്കെയാണ് കാരാറുകാറുടെ വേറിട്ട പ്രതിഷേധം. ഉദ്ഘാടനത്തിന് കരാറുകാരൻ ചെലവഴിക്കുന്ന തുക, വിവിധ രാഷ്ട്രീയ പാർട്ടികൾ ഭീഷണിപ്പെടുത്തി പിരിവ് വാങ്ങിയ തുക, കർമസമിതികളുടെയും ക്ലബ്ബുകളുടെയും പേരിൽ വാങ്ങിയ തുക, ഭൂവുടമകൾ സ്ഥലം വിട്ടുനൽകാനും മരം മുറിക്കാനും ചെലവഴിച്ച തുക, കെ.എസ്.ഇ.ബി. ജലവിഭവവകുപ്പ് എന്നിവയ്ക്ക് നൽകിയ തുക, സർക്കാരിന്റെ സോഫ്‌റ്റ്‌ വെയർ തകരാർ മൂലം നൽകേണ്ടി വന്ന പിഴയും ബാങ്ക് പലിശയും, കാലാവസ്ഥാവ്യതിയാനം മൂലം പണി വൈകിയതിന് നൽകിയ പിഴ തുടങ്ങിയ ചെലവുകളുടെ വലിയ നിരയാണ് ഫ്ളക്സിൽ. ഫ്ളക്സിനടിയിൽ ‘ആരേയും ട്രോളാൻ വേണ്ടിയല്ല, കരാറുകാരുടെ യഥാർഥ സ്ഥിതി മനസ്സിലാക്കുവാൻ വേണ്ടി' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.