തൃക്കരിപ്പൂർ: മാണിയാട്ട് പാലിയേറ്റീവ് കെയർ സൊസൈറ്റിക്കും കോറസ് കലാസമിതിക്കും വേണ്ടി നിർമിച്ച എൻ.എൻ.പിള്ള സ്മാരകമന്ദിരം മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങളെ ശിലായുഗത്തിലേക്കും ജാതി, ചാതുർവർണ്യ വ്യവസ്ഥിതിയിലേക്കും തിരിച്ചുകൊണ്ടുപോകാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നാടിനപമാനകരമായ ഇത്തരം നീക്കത്തിനെതിരെ ഉയർന്നുചിന്തിക്കാൻ സമൂഹം ഉണരണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ചന്ദ്രനിലേക്ക് പോകാനായി അപേക്ഷ നൽകി കാത്തിരിക്കുന്ന ഇക്കാലത്ത് അവർക്ക് പ്രോത്സാഹനം നൽകുന്നതിനു പകരം അവരെ താഴ്ത്തിക്കെട്ടാനുള്ള ശ്രമം പരിഷ്കൃതസമൂഹത്തിനു യോജിച്ചതല്ലെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പി.കരുണാകരൻ എം.പി. അധ്യക്ഷത വഹിച്ചു. ഇ.രാഘവൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.വി.ബാലകൃഷ്‌ണൻ മുഖ്യാതിഥിയായിരുന്നു.

തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാൽ, ഡോ. എം.മിനി, വി.ടി.ഷാഹുൽഹമീദ്, കരിവെള്ളൂർ രാജൻ, ഷനിത്ത് കൃഷ്‌ണൻ എന്നിവരെ ആദരിച്ചു. ടി.വി.ബാലൻ, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ശ്രീധരൻ, വി.പി.രാജൻ, രവീന്ദ്രൻ കൊടക്കാട് എന്നിവർ പ്രസംഗിച്ചു.